gold-smuggling

കൊച്ചി: തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിലെ സ്വർണക്കടത്ത് കേസിൽ പ്രതികളായ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കി. തിരുവനന്തപുരം വിമാനത്താവളത്തിലെ എയർകസ്റ്റംസ് സൂപ്രണ്ട് ബി. രാധാകൃഷ്ണൻ, കണ്ണൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്‌പെക്ടറും ഡൽഹി സ്വദേശിയുമായ രാഹുൽ പണ്ഡിറ്റ് എന്നിവർക്കെതിരെയാണ് നടപടി.

2019 മേയ് 13ന് തിരുവനന്തപുരം വിമാനത്താവളം വഴി 8.17 കോടി രൂപയുടെ 25 കിലോ സ്വർണം കടത്തിയ സംഭവത്തിൽ രാധാകൃഷ്ണനെതിരെ ഡയറക്ടർ ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) കേസെടുത്തിരുന്നു. വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന സ്വർണം പരിശോധന കൂടാതെ പുറത്തെത്തിക്കാൻ പ്രിവന്റീവ് യൂണിറ്റിന്റെ ഇൻചാർജായിരുന്ന ഇയാൾ സഹായിച്ചു. തിരുവനന്തപുരത്തെ സെൻട്രൽ എക്‌സൈസ് കേഡർ ഉദ്യോഗസ്ഥനായ രാധാകൃഷ്ണൻ കസ്റ്റംസിലെ സീനിയർ സൂപ്രണ്ടാണ്.

2019 ആഗസ്റ്റ് 19ന് കണ്ണൂർ വിമാനത്താവളം വഴി 4.5 കോടി രൂപയുടെ 15 കിലോ സ്വർണം കടത്തിയ കേസിലെ പ്രതിയാണ് രാഹുൽപണ്ഡിറ്റ്. ഇയാൾക്കൊപ്പം മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും പിടിയിലായിരുന്നു. കോഫെപോസ ചുമത്തിയ രാഹുൽ ഒളിവിലാണ്. ഈ കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ല. 1965ലെ സെൻട്രൽ സിവിൽ സർവീസസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ആൻഡ് അപ്പീൽ) 19 ാം റൂൾ പ്രകാരം ഇരുവരെയും സർവീസിൽ നിന്ന് നീക്കം ചെയ്തതെന്ന് കസ്റ്റംസ് കമ്മിഷണർ അറിയിച്ചു.