തൃക്കാക്കര : കൊച്ചി മെട്രോ, വാട്ടർ മെട്രോ പദ്ധതികൾക്കായുള്ള സ്ഥലമെടുപ്പ് ജോലികളുടെ പുരോഗതി ജില്ലാ കളക്ടർ എസ്. സുഹാസ് വിലയിരുത്തി. കൊച്ചി മെട്രോ റെയിൽ കാക്കനാട് ഇൻഫോപാർക്കിലേക്ക് ദീർഘിപ്പിക്കുന്നതിന്റെ ഭാഗമായി പാലാരിവട്ടം മുതൽ ഇൻഫോപാർക്ക് വരെയുള്ള റോഡ് വീതികൂട്ടുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർവെ ഈ മാസം 29ന് മുമ്പ് പൂർത്തിയാക്കാൻ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. വാട്ടർ മെട്രോ പദ്ധതിയിൽ ഉൾപ്പെട്ട 14 ബോട്ട് ടെർമിനലുകൾക്കായുള്ള സ്ഥലമേറ്റെടുക്കൽ നടപടികളുടെ സാമൂഹിക പ്രത്യാഘാത പഠനം നടത്താൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ഡെപ്യൂട്ടി കളക്ടർ എം.വി സുരേഷ്‌കുമാർ, ലാന്റ് അക്വിസിഷൻ ഉദ്യോഗസ്ഥർ, കൊച്ചി മെട്രോറെയിൽ അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.