കൊച്ചി : കോതമംഗലം പള്ളി ഏറ്റെടുത്ത് ഒാർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അടക്കം രണ്ടു ബെഞ്ചുകൾ പിന്മാറി. ഇന്ന് അപ്പീൽ മറ്റൊരു ബെഞ്ച് പരിഗണിച്ചേക്കും. പള്ളിയും സ്വത്തു വകകളും ഏറ്റെടുക്കാനുള്ള പദ്ധതി തയ്യാറാക്കി എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഇന്ന് ഹാജരാകാൻ നേരത്തെ സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന് സ്റ്റേ വാങ്ങുന്നതടക്കമുള്ള നടപടിക്കായി സർക്കാർ നൽകിയ അപ്പീൽ രാവിലെ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിലാണ് വന്നത്. എന്നാൽ കാരണം വ്യക്തമാക്കാതെ ബെഞ്ച് ഇതു പരിഗണിക്കുന്നതിൽ നിന്ന് പിന്മാറി. തുടർന്ന് ഉച്ചക്ക് മറ്റൊരു ഡിവിഷൻ ബെഞ്ചിലെത്തിയെങ്കിലും ആ ബെഞ്ചും ഒഴിഞ്ഞു. വൈകിട്ട് മറ്റൊരു ബെഞ്ചിലേക്ക് എത്തുമെന്ന് കരുതിയെങ്കിലും നടപടിയുണ്ടായില്ല.

കോതമംഗലം പള്ളി ഏറ്റെടുത്ത് ഒാർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ കഴിഞ്ഞ ഡിസംബർ മൂന്നിനാണ് സിംഗിൾബെഞ്ച് ഉത്തരവിട്ടത്. ഇതു നടപ്പാക്കാൻ വൈകുന്നതു ചൂണ്ടിക്കാട്ടി ഒാർത്തഡോക്സ് വിഭാഗം വികാരി തോമസ് പോൾ റമ്പാൻ നൽകിയകോടതിയലക്ഷ്യ ഹർജി നിലവിലുണ്ട്. ഇതിനിടെ സിംഗിൾബെഞ്ചിന്റെ വിധി പുന: പരിശോധിക്കാൻ സർക്കാർ റിവ്യൂ ഹർജി നൽകിയെങ്കിലും തള്ളി.