കൊച്ചി : ആലുവ ശിവരാത്രി മണപ്പുറത്തെ നടപ്പാലം നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉൾപ്പെടെയുള്ളവർക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടിയുള്ള അപേക്ഷയിൽ മാർച്ച് 20 നകം തീരുമാനമെടുത്ത് വിജിലൻസ് മുഖേന അറിയിക്കാൻ ഹൈക്കോടതി സർക്കാരിനോടു നിർദ്ദേശിച്ചു. ആറു മാസത്തിലേറെയായി അപേക്ഷയിൽ തീരുമാനമെടുക്കാൻ പൊതുമരാമത്ത് വകുപ്പ് വൈകുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. മാർച്ച് 20 നകം വിജിലൻസ് മുഖേന റിപ്പോർട്ട് നൽകിയില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.
വി.കെ. ഇബ്രാഹിംകുഞ്ഞ്, അൻവർ സാദത്ത് എം.എൽ.എ തുടങ്ങിയവർക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി 2018 സെപ്തംബർ 24 ന് നൽകിയ അപേക്ഷയിൽ ഇതുവരെ നടപടിയുണ്ടായില്ലെന്നാരോപിച്ച് ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. 2014 - 2015 ൽ നടപ്പാലം നിർമ്മാണത്തിൽ പരിചയമില്ലാത്ത സ്വകാര്യകമ്പനിക്ക് 4.2 കോടി രൂപ അധികം നൽകിയെന്നാണ് ഹർജിക്കാരന്റെ ആരോപണം. പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് പുറമേ വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളും ആരോപിച്ചാണ് ഖാലിദ് മുണ്ടപ്പള്ളി വിജിലൻസ് കോടതിയിൽ പരാതി നൽകിയത്.