temble
സ്വാമി അയ്യപ്പദാസ്, യജ്ഞാചാര്യൻ ഉദിത് ചൈതന്യ, ക്ഷേത്ര ഉടമ ആര്യ അന്തർജ്ജനം എന്നിവർചേർന്ന് യജ്ഞത്തിന് ഭദ്രദീപം കൊളുത്തുന്നു

മൂവാറ്റുപുഴ: ഭാഗവതത്തിൽ അന്തർലീനമായ ആദ്ധ്യാത്മിക തത്വങ്ങൾ ഭാഗവതജ്ഞാനയജ്ഞത്തിലൂടെ ഭക്തജനങ്ങൾക്ക് ലഭിക്കുമെന്ന് അഖില ഭാരതീയ അയ്യപ്പ സേവാസമാജം പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് പറഞ്ഞു. മൂവാറ്റുപുഴ വെള്ളൂർക്കുന്നം മഹാദേവക്ഷേത്രത്തിൽ ആരംഭിച്ച സ്വാമി ഉദിത് ചൈതന്യയുടെ ശ്രീമദ് ഭാഗവത ജ്ഞാനയജ്ഞം 'ചൈതന്യാമൃതം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീകുമാര ഭജനദേവസ്വംക്ഷേത്രത്തിൽനിന്ന് യജ്ഞത്തിലേക്കുള്ള ശ്രീകൃഷ്ണവിഗ്രഹം രഥത്തിലേറ്റി താലപ്പൊലിയോടെ യജ്ഞവേദിയിൽ എത്തിച്ചു. യജ്ഞാചാര്യൻ സ്വാമി ഉദിത് ചൈതന്യയെ ക്ഷേത്ര കവാടത്തിൽ മേൽ ശാന്തി പുളിക്കാപ്പറമ്പ് ദിനേശൻ നമ്പൂതിരി പൂർണ്ണകുംഭം നൽകി സ്വീകരിച്ചു.

ഭാഗവത വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നത് കാലാതീതമായ അറിവ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാമി അയ്യപ്പദാസ്, യജ്ഞാചാര്യൻ ഉദിത് ചൈതന്യ ക്ഷേത്ര ഉടമ ആര്യ അന്തർജ്ജനം എന്നിവർ ചേർന്ന് യജ്ഞത്തിന് ഭദ്രദീപം കൊളുത്തി.
ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റും കമ്മിറ്റി ചെയർമാനുമായ ബി.ബി. കിഷോർ അദ്ധ്യക്ഷനായി. യോഗത്തിൽ എം.എൽ.എ. എൽദോ എബ്രഹാം, മുൻ എം.എൽ.എ. ജോണി നെല്ലൂർ, യജ്ഞ കമ്മിറ്റി ജനറൽ കൺവീനർ വി.വി. കൃഷ്ണസ്വാമി, എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ്, എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, കെപിഎംഎസ് താലൂക്ക് സെക്രട്ടറി ടി. ചന്ദ്രൻ, സുകൃതം ഭാഗവത യജ്ഞസമിതി ജനറൽ സെക്രട്ടറി പി.വി. അതികായൻ, ക്ഷേത്രം മുൻ പ്രസിഡന്റ് കെ.എ. ഗോപകുമാർ, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ കെ.ബി. വിജയകുമാർ, അജിത്കുമാർ, എൻ. ശ്രീദേവി. പി.ആർ. ഗോപാലകൃഷ്ണൻ, എൻ. രമേശ് എന്നിവർ പങ്കെടുത്തു.