കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം മൊണാസ്‌ട്രി റോഡിലെ പേപ്പർ ഗോഡൗൺ തീ പിടുത്തത്തിൽ കത്തിനശിച്ചു. എ.ത്രി അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെ മൂന്നാം നിലയ്‌ക്ക് മുകളിലുള്ള ടെറസിലായിരുന്നു തീ പിടുത്തം. 30 ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. ഇന്നലെ രാവിലെ 11.40 നായിരുന്നു സംഭവം.

സ്കൂളുകളിലേക്കുള്ള സ്റ്റേഷനറി സാധനങ്ങളാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. ടെറസിൽ ഇരുമ്പ് ഷീറ്റുകൾ കൊണ്ട് മറച്ച് ഗോഡൗണായി രൂപപ്പെടുത്തുകയായിരുന്നു. ഇത് നിയമലംഘനമാണ്. കെട്ടിടത്തിന് മുകളിൽ നിന്ന് വൻ പുകപടലം ഉയർന്നതോടെ നഗരത്തിൽ പരിഭ്രാന്തി പരന്നു. എന്നാൽ വേഗത്തിൽ പേപ്പറുകൾ കത്തിയമർന്നതും മറ്റു ഭാഗങ്ങളിലേക്ക് തീ പടരുന്നത് അഗ്നിശമന സേനയ്‌ക്ക് തടയാൻ കഴിഞ്ഞതും ദുരന്തം ഒഴിവാക്കി. ക്ളബ് റോഡ്, ഗാന്ധിനഗർ, ഏലൂർ, തൃക്കാക്കര, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ അഗ്നിശമന യൂണിറ്റുകൾ അര മണിക്കൂർ നടത്തിയ പ്രയത്നത്തിനൊടുവിലാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് കണ്ടെയ്‌നർ റോഡിലെ പുല്ലിലും തീ പടർന്നു പിടിച്ചു. അഗ്നിശമന സേനയെത്തുയാണ് അണച്ചത്.