കൊച്ചി, അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു എറണാകുളം മേഖലാ കമ്മറ്റി ട്രംപിന്റേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും കോലം കത്തിച്ചു. വഞ്ചി സ്‌ക്വയറിൽ നിന്ന് ആരംഭിച്ച പ്രകടനം മേനക ജംഗ്ഷനിൽ അവസാനിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനല്ല മറിച്ച് അമേരിക്കയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനമെന്ന് പി.ആർ മുരളീധരൻ പറഞ്ഞു. സി.ഐ.ടി.യു മേഖലാ പ്രസിഡന്റ് കെ.വി. മനോജ് അദ്ധ്യക്ഷനായി, സെക്രട്ടറി കെ.എം അഷ്‌റഫ്, അഡ്വ. എം അനിൽ കുമാർ, അലി അക്ബർ, കെ.കെ കലേശൻ എന്നിവർ സംസാരിച്ചു.