തൃക്കാക്കര :പ്രളയ ദുരിതാശ്വാസ ഫണ്ടിലെ ക്രമക്കേടുമായി​ ബന്ധപ്പെട്ട് കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം സെക്ഷൻ ക്ലാർക്ക് വിഷ്ണു പ്രസാദിനെ സസ്പെൻഡ് ചെയ്തു.2018 ആഗസ്റ്റ് മാസത്തിലെ പ്രളയത്തെത്തുടർന്ന് ജില്ലയിൽ നാശനഷ്ടമുണ്ടായ വീടുകൾക്ക് ധനസഹായം നൽകുന്നതിന് അനുവദിച്ച ഫണ്ടാണ് തിരിമറി നടത്തിയത്.
ഫിനാൻസ് ഓഫീസർ കളക്ടർക്ക് കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ എസ് സുഹാസ് സസ്പെൻഡ് ചെയ്തത്. മാനദണ്ഡങ്ങൾ ലംഘിച്ച് കളക്ടറേറ്റിൽ നിന്നും പ്രളയത്തിൽ നാശനഷ്ടം സംഭവിക്കാത്ത ഒരാളുടെ അയ്യനാട് സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്ക് തവണകളായി 10,54,000 രൂപ എത്തി. ഇതിൽ ആദ്യമെത്തിയ അഞ്ചു ലക്ഷം രൂപ അന്നേ ദിവസം തന്നെ ഇയാൾ പിൻവലിച്ചിരുന്നു. . രണ്ടാമതും അഞ്ചുലക്ഷത്തോളം രൂപ ട്രഷറിയിൽ നിന്നും വന്നപ്പോൾ സഹകരണ ബാങ്ക് സെക്രട്ടറിക്ക് സംശയം തോന്നിയതിനെ തുടർന്ന് കളക്ടറെ വിവരം അറിയിച്ചി​രുന്നു.കേസിൽ വിശദമായി അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു മുഖ്യമന്ത്രിക്കും,വിജിലൻസിനും പരാതി നൽകി.