കൊച്ചി: മൂവാറ്റുപുഴയിൽ ക്രിസ്ത്യൻ യുവതിയെ സ്നേഹം നടിച്ച് പീഡിപ്പിച്ച് മതം മാറ്റാൻ ശ്രമിവച്ച സംഭവത്തിൽ ട്രാവൽ ഏജൻസി ഉടമയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്നും അന്വേഷണ സംഘത്തിലെ തന്നെ ചിലർ ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതായും സൂചനയുണ്ട്.
നേരത്തെ ഇയാൾ ബംഗളൂരുവിലേയ്ക്ക് കടന്നുവെന്ന നിഗമനത്തെ തുടർന്ന് പൊലീസിന്റെ ഒരു സംഘം ബംഗളൂരുവിലേയ്ക്കും തിരിച്ചിട്ടുണ്ട്.
കാഞ്ഞാർ സ്വദേശിയായ ഇരുപത്തിനാലുകാരിയാണ് പരാതി നല്കിയത്. കഴിഞ്ഞ ഏപ്രിലിൽ ടൂർ ഏജൻസിയിൽ ജോലിക്കെത്തിയ തന്നെ ഒന്നര വർഷത്തോളം സ്ഥാപന ഉടമ പ്രലോഭിപ്പിച്ച് ഗോവ, മൈസൂർ, വാഗമൺ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മതം മാറ്റാൻ ശ്രമിച്ചുവെന്നാണ് പരാതി. തുടർന്ന് യുവതി ജോലി ഉപേക്ഷിച്ചു. ജോലിക്ക് വരാതായതോടെ സ്ഥാപന ഉടമ ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. മൂവാറ്റുപുഴയിലെത്തി പരാതി നൽകാൻ ഭയന്ന യുവതി കാഞ്ഞാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കാഞ്ഞാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മൂവാറ്റുപുഴ പൊലീസിന് കൈമാറി. ഒന്നര വർഷത്തെ പ്രലോഭനങ്ങൾക്കും പീഡനത്തിനുമിടയിൽ സ്ഥാപന ഉടമ യുവതിക്ക് സാമ്പത്തിക സഹായം ഉറപ്പു നൽകുകയും സഹോദരിക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
ക്രിസ്തുമതക്കാരിയായ യുവതി മതം മാറണമെന്നായിരുന്നു ആവശ്യം. കഴിഞ്ഞ 18ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ പിടിക്കാൻ വൈകിയത് പൊലീസിനെതിരെ ആക്ഷേപങ്ങൾക്കിടയാക്കി.