കൊച്ചി: വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാൻ കൊച്ചിയിൽ ആരംഭിച്ച ആദ്യത്തെ സ്റ്റേഷനിൽ ഏതുതരം വാഹനങ്ങൾക്കും ചാർജ് ചെയ്യാൻ വഴിതെളിഞ്ഞു. നിലവിൽ ഒരു കമ്പനി നിർമ്മിക്കുന്ന വാഹനങ്ങൾക്ക് മാത്രമായ സൗകര്യം മറ്റു വാഹനങ്ങൾക്കു ലഭ്യമാക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതർ പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച പമ്പിൽ മഹീന്ദ്രയുടെ വാഹനങ്ങൾ മാത്രമാണ് ചാർജ് ചെയ്യാൻ കഴിയുന്നത്. ഇക്കാര്യം കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് മറ്റു വാഹനങ്ങൾക്കും സൗകര്യം ഒരുക്കുമെന്ന് ഐ.ഒ.സി അധികൃതർ അറിയിച്ചത്.

ഐ.ഒ.സിയുടെ പമ്പിൽ പവർഗ്രിഡ് കോർപ്പറേഷനുമായി ചേർന്നാണ് ഇടപ്പള്ളി ടോളിലെ യുണൈറ്റഡ് ഫ്യുവൽസ് പമ്പിൽ ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചത്. ചാർജ് ചെയ്യാൻ സ്റ്റേഷനിൽ നിന്ന് വാഹനത്തിൽ ഘടിപ്പിക്കുന്ന പ്ളഗ് നിലവിൽ മഹീന്ദ്രയുടെ വാഹനങ്ങളിൽ മാത്രമേ ബന്ധിപ്പിക്കാൻ കഴിയൂ. ഒന്നിലേറെ പ്ളഗുകൾ ഘടിപ്പിച്ചാൽ മറ്റു വാഹനങ്ങളും ചാർജ് ചെയ്യാൻ കഴിയും.

പമ്പുടമ ആവശ്യപ്പെട്ടാൽ കൂടുതൽ പ്ളഗുകൾ ഘടിപ്പിച്ച് എല്ലാ വാഹനങ്ങൾക്കും ചാർജ് ചെയ്യാൻ അവസരം ഒരുക്കുമെന്ന് ഐ.ഒ.സി ഉന്നത ഉദ്യോഗസ്ഥർ കേരളകൗമുദിയോട് പറഞ്ഞു. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

ഇതുവരെ 11 വാഹനങ്ങൾക്ക് മാത്രമാണ് ഇടപ്പള്ളിയിലെ പമ്പിൽ നിന്ന് വൈദ്യുതി ചാർജ് ചെയ്തത്. ഓൺലൈനിലൂടെ പണമടച്ച് ഡ്രൈവർക്ക് ചാർജ് ചെയ്യാൻ കഴിയുന്ന വിധത്തിലാണ് സംവിധാനം. കേരളത്തിൽ ആരംഭിച്ച ആദ്യത്തെ രണ്ടു വൈദ്യുതി ചാർജിംഗ് സ്റ്റേഷനുകളിൽ ഒന്നാണ് ഇടപ്പള്ളിയിലേത്. തിരുവനന്തപുരം ആനയറയിലാണ് മറ്റൊന്ന്.

14 സ്റ്റേഷനുകൾ കൂടി

വാഹനങ്ങൾക്ക് വൈദ്യുതി ചാർജ് ചെയ്യാൻ ഐ.ഒ.സി 14 സ്റ്റേഷനുകൾ കൂടി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഓരോ സ്റ്റേഷനുകൾ വീതമാണ് തുറക്കുകയെന്ന് അധികൃതർ പറഞ്ഞു.