കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിൽ നിയന്ത്രിത വെടിക്കെട്ടിന് അനുമതി നൽകാനാകുമോയെന്ന് പരിശോധിച്ച് തീരുമാനിക്കണമെന്ന് ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദേശം നൽകി. അനുമതി ലഭിച്ചാൽ കർശന നിയന്ത്രണത്തോടെ മാത്രമേ വെടിക്കെട്ട് നടത്താവൂവെന്ന് ക്ഷേത്രം ഭാരവാഹികൾക്കും കോടതി നിർദേശം നൽകി. ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് 23, 25, 26, 29 തീയതികളിൽ വെടിക്കെട്ടിന് അനുമതി തേടി പുതിയകാവ് ഭഗവതി ക്ഷേത്രം ദേവസ്വം പ്രസിഡന്റ് അനിൽ കുമാർ നൽകിയ ഹർജിയാണ് ജസ്റ്റിസ് സി. ടി രവികുമാർ, ജസ്റ്റിസ് എൻ. നഗരേഷ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് പരിഗണിച്ചത്. ഹർജി ആദ്യം പരിഗണനക്ക് വന്നപ്പോൾ ദേവസ്വം നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാൻ കളക്ടർക്ക് കോടതി നിർദേശം നൽകിയിരുന്നു. കളക്ടർ അനുമതി നിഷേധിച്ചതോടെ ക്ഷേത്ര ഭാരവാഹികൾ വീണ്ടും കോടതിയെ സമീപിച്ചു. ദേവസ്വത്തിന്റെ പുതിയ അപേക്ഷ പരിഗണിച്ച് അനുമതി നൽകാനാവുമോയെന്ന് പരിശോധിക്കാൻ കോടതി നിർദേശിച്ചെങ്കിലും തീരുമാനം പ്രതികൂലമായിരുന്നു. ഇതിനെതിരെയാണ് വീണ്ടും ഹർജി നൽകിയത്. രണ്ടാമത്തെ അപേക്ഷ വിശദമായി പരിശോധിക്കാതെയാണ് കളക്ടർ തീരുമാനമെടുത്തതെന്നായിരുന്നു ആരോപണം. വെടിക്കെട്ടിന് ഗുണ്ടും അമിട്ടും കുഴിമിന്നലും ഉപയോഗിക്കുന്നതായി തെറ്റിദ്ധരിച്ചാണ് കളക്ടർ അനുമതി നിഷേധിച്ചത്. ഓലപ്പടക്കം, തുകുലൻ, ചൈനീസ് പടക്കം, മഴത്തോരണം, മത്താപ്പ് തുടങ്ങിയവയാണ് വെടിക്കെട്ടിന് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. വെടിക്കെട്ടിനുള്ള സമയവും കുറച്ചു. ക്ഷേത്ര സമീപവാസികളുടെ സമ്മതവും അപേക്ഷയോടൊപ്പം കളക്ടർക്ക് സമർപ്പിച്ചിരുന്നു. എന്നാൽ, ഇതൊന്നും പരിഗണിക്കാതെയാണ് തീരുമാനമെന്ന വാദം പരിഗണിച്ചാണ് വീണ്ടും അപേക്ഷ പരിഗണിക്കാൻ കോടതി നിർദേശിച്ചത്.