കൊച്ചി: കടുക്കുന്ന വേനൽച്ചൂടിൽ സാധാരണക്കാർക്ക് ആശ്രയമായ പഴവർഗങ്ങൾക്കും തീവില. തണ്ണീർമത്തൻ, ഓറഞ്ച്, ആപ്പിൾ, മുന്തിരി, പൈനാപ്പിൾ എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. മാളുകൾ മുതൽ വഴിയോരങ്ങളിൽ വരെ പഴവർഗങ്ങൾ സുലഭം. വില വർദ്ധിക്കുന്നത് കച്ചവടത്തെയും ബാധിക്കുന്നുണ്ട്.

സംസ്ഥാനത്ത് ഏതാനും ദിവസങ്ങളായി കടുത്ത ചൂടാണ്. എറണാകുളം ജില്ലയിലും സ്ഥിതി വ്യത്യസ്തല്ല. വന കാർഷിക മേഖലകളിലും കനത്ത ചൂടാണ്.

നിർജലീകരണം പോലുള്ള പ്രശ്‌നങ്ങളെ ഒഴിവാക്കാൻ പഴവർഗങ്ങൾ ഏറെ സഹായിക്കും. വേനൽ കടുത്തതോടെ പഴവർഗങ്ങൾക്ക് ആവശ്യക്കാരേറി.

ഓറഞ്ച്, തണ്ണിമത്തൻ, മുന്തിരി, പൈനാപ്പിൾ തുടങ്ങിയവ സുലഭമാണെങ്കിലും ഉയരുന്ന വിലയാണ് പ്രശ്നം.

# തണ്ണിമത്തൻ സൂപ്പർഹിറ്റ്
തണ്ണിമത്തന്റെ വില്പന കുതിച്ചുയർന്നു. സാധാരണ തണ്ണിമത്തന് കിലോയ്ക്ക് 20 രൂപയാണ് വഴിയോര വില. മാളുകളിലും കടകളിലും ഗുണനിലവാരം അനുസരിച്ച് വില വർദ്ധിക്കും.

# ഓറഞ്ചുണ്ട്, മാമ്പഴം കുറവ്
തണ്ണിമത്തൻ കഴിഞ്ഞാൽ ഓറഞ്ചിനാണ് ഡിമാൻഡ്.
ഒന്നര കിലോ 100 രൂപയ്ക്ക് ലഭിക്കും. മാതളനാരങ്ങ 130 - 140 രൂപയാണ് വില.
മറ്റു പഴവർഗങ്ങളെ പോലെ മാമ്പഴത്തിനും ആവശ്യക്കാർ ഏറെയുണ്ടെങ്കിലും സീസണായിട്ടും ലഭ്യത കുറവാണ്. കേരളത്തിലെ മാമ്പഴ കൃഷിയുടെ കേന്ദ്രമായ പാലക്കാട്ടെ മുതലമടയിൽ ഉത്പാദനം കുറഞ്ഞതാണ് കാരണമെന്ന് വ്യാപാരികൾ പറയുന്നു.

പൈനാപ്പിളിനും വില വർദ്ധിച്ചു. ഉത്പാദനക്കുറവും കടുത്ത വേനലുമാണ് കാരണം.
കിവി, ഷമാം തുടങ്ങിയ പഴവർഗങ്ങളും വിപണിയിൽ സുലഭമാണ്.
കടുത്ത വേനലിലാണ് വിപണി സജീവമാകുന്നതെങ്കിലും അമിതമായ ചൂടും വിലക്കയറ്റവും കച്ചവടത്തെ ബാധിച്ചിട്ടുണ്ട്.

# ഒഴിവാക്കാനാവില്ല
കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള പഴവർഗങ്ങളാണ് ഇക്കുറി കേരളത്തിലെ വിപണി കീഴടക്കുന്നത്. ആളുകളുടെ ആവശ്യങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്താണ് വില ഉയരുന്നതും കുറയുന്നതും. നിത്യേന പഴവർഗങ്ങൾ ശീലമാക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കാനും സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.

#

'ഇപ്പോഴത്തെ അവസ്ഥയിൽ തണ്ണിമത്തൻ തന്നെയാണ് സാധാരണക്കാർക്ക് ഏക ആശ്രയം. മറ്റുപഴവർഗങ്ങളുടെ വില ഉയർന്നതോടെ തണ്ണിമത്തനേ നമുക്ക് താങ്ങാൻ കഴിയൂ.'

സുമ

വീട്ടമ്മ

# കൊച്ചിയിലെ ചൂട് ഡിഗ്രിയിൽ

കൂടിയത്, കുറഞ്ഞത്

തിങ്കൾ : 35 - 25

ചൊവ്വ : 33 - 25

ബുധൻ: 33 - 24

ഇന്ന് : 32 - 25

വെള്ളി : 32 - 25

ശനി : 32 - 24

ഞായർ : 32 - 24

തയ്യാറാക്കിയത് : റോഷ്‌നി കെ.എ