കൊച്ചി: മാനദണ്ഡങ്ങൾ എല്ലാം പാലിച്ചിട്ടും എറണാകുളം ജില്ലയിൽ സി.ബി.എസ്.ഇ അംഗീകാരത്തിനായി കാത്തിരിക്കുന്നത് 25 ഓളം സ്കൂളുകൾ. തോപ്പുംപടി അരൂജ സ്കൂളിലെ 29 പത്താം ക്ളാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാതെ വന്നത് ‌ഈ സ്കൂളുകളുടെയും പ്രതിച്ഛായയെ ദോഷമായി ബാധിച്ചു.. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേഷന് അപേക്ഷിക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ എൻ.ഒ.സി നിർബന്ധമാണ്.

# അംഗീകാര മാനദണ്ഡങ്ങൾ

സ്കൂൾ സൊസൈറ്റിയുടെയോ ട്രസ്റ്റിന്റെയോ കീഴിലാകണം

കുറഞ്ഞത് മൂന്നേക്കർ സ്ഥലം വേണം

കെട്ടിടസൗകര്യം.

യോഗ്യതയുള്ള അദ്ധ്യാപകർ

നിശ്ചിതനിരക്കിലുള്ള ശമ്പളം.

300ൽ കുറയാത്ത കുട്ടികളോടെ അഞ്ചുവർഷം പ്രവർത്തനം.

അക്കാദമികനിലവാരം.

അഞ്ചാം ക്ളാസ് വരെയുള്ള സ്കൂൾ നടത്തിപ്പിന് അനുമതി ആവശ്യമില്ല. ആറാം ക്ളാസു മുതൽ അംഗീകാരത്തിനായി സി.ബി.എസ്.ഇയെ സമീപിക്കാം. ഈ വർഷം എൻ.ഒ.സിക്ക് വേണ്ടി ജില്ല വിദ്യാഭ്യാസ ഓഫീസർക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ് 31.

# കോടതി തുണച്ചു

2010 ൽ കേന്ദ്ര വിദ്യാഭ്യാസനിയമം സംസ്ഥാനത്തു നടപ്പാക്കാൻ തുടങ്ങിയതോടെ അംഗീകാരമില്ലാത്ത സ്കൂളുകളുടെ കാര്യത്തിൽ ആശയക്കുഴപ്പമായി. താത്കാലിക പരിഹാരമെന്ന നിലയിൽ മുൻ യു.ഡി.എഫ് സർക്കാർ മൂവായിരം സി.ബി.എസ്.ഇ സ്കൂളുകൾക്ക് അംഗീകാരവും നൽകി. എന്നാൽ പൊതുവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എൽ.ഡി.എഫ് സർക്കാർ സി.ബി.എസ്.ഇ സ്കൂളുകൾക്ക് എൻ.ഒ.സി നൽകുന്നത് നിർത്തിവച്ചതോടെ മാനദണ്ഡങ്ങൾ പാലിച്ച് വർഷങ്ങളായി അംഗീകാരത്തിനായി കാത്തിക്കുന്നവർ വെട്ടിലായി. ഒടുവിൽ കോടതി ഇടപെടലിനെ തുടർന്ന് ഏതാനും സ്കൂളുകൾക്ക് അടുത്ത കാലത്ത് എൻ.ഒ.സി ലഭിച്ചു തുടങ്ങിയപ്പോഴാണ് അരൂജ സ്കൂളിലെ വിദ്യാർത്ഥികളുടെ ഭാവി തുലഞ്ഞ വിഷയം പുറത്തുവന്നത് .

# കുട്ടികൾക്ക് കൗൺസിലിംഗ് നൽകണം

പാരലൽ സ്കൂളോ, ട്യൂഷൻ സെന്ററോ പോലെയാണ് അധികൃതർ അരൂജ സ്കൂൾ നടത്തിയത്. അംഗീകാരം ലഭിക്കുന്നതിനായി അവർ യാതൊരു ശ്രമവും നടത്തിയതായി തോന്നുന്നില്ല. ഇതുമായി സി.ബി.എസ്.ഇ ബോർഡിന് ബന്ധമില്ല. അതേസമയം സി.ബി.എസ്.ഇ അനുശാസിക്കുന്ന എല്ലാ മാനദണ്ഡങ്ങളും ഉണ്ടായിട്ടും കഴിഞ്ഞ നാലു വർഷമായി സംസ്ഥാന സർക്കാരിന്റെ എൻ.ഒ.സിക്ക് വേണ്ടി കാത്തിരിക്കേണ്ടി വന്ന സ്കൂളുകളുണ്ട്. ഈ സ്ഥാപനങ്ങളെ ഒരു വിധത്തിലും അരൂജ സ്കൂളുമായി താരതമ്യപ്പെടുത്താൻ കഴിയില്ല. അതേസമയം പരീക്ഷ എഴുതാനുള്ള അവസരം നിഷേധിക്കപ്പെട്ട കുട്ടികളുടെ കാര്യത്തിൽ കടുത്ത വേദനയുണ്ട്. അവർ ഈ അവസ്ഥയെ എങ്ങനെ തരണം ചെയ്യുമെന്ന് ഭയമുണ്ട്. നിസാര കാര്യങ്ങളുടെ പേരിൽ കാര്യങ്ങളുടെ ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്നവരാണ് ഇന്നത്തെ വിദ്യാർത്ഥികൾ. അവർക്ക് ആവശ്യമായ കൗൺസിലിംഗ് നൽകാൻ തയ്യാറാണ്

ഇന്ദിര രാജൻ

കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾ സെക്രട്ടറി