കളമശേരി "ഇന്നും ആ കരച്ചിൽ ചെവിയിലുണ്ട്. ഒരു നിമിഷം കൊണ്ട് എല്ലാവരും മണ്ണിനടിയിലായി. മൺവെട്ടിയും തൂമ്പയുമായി നാട്ടുകാർ ഓടിയെത്തി തിരച്ചിൽ തുടങ്ങി. ജെ സി ബിയോ മറ്റു യന്ത്ര സാമഗ്രികളോ ഇല്ലാത്തകാലം. . മണ്ണിൽ നിന്ന് ഉയർന്ന് വരുന്ന ശരീരം ലോറിയിൽ കയറ്റി ആശുപത്രിയിലേക്ക് പാഞ്ഞു. ആറു പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്". നഗരസഭ ലൈഫ് പദ്ധതിയ്ക്കായി ഇപ്പോൾ കുറുപ്രമലയിൽ വാങ്ങുന്ന ഭൂമിയിൽ 1995 ലുണ്ടായ സംഭവംനാട്ടുകാർ ഇന്നും ഓർക്കുന്നു. കളമശേരി കണ്ട ഏറ്റവും വലിയ ദുരന്തം. ലോറിയിൽ മണ്ണ് കയറ്റുന്നതിനിടെ അമ്പത് അടി ഉയരമുള്ള മലയിടിഞ്ഞ് എല്ലാവരും മണ്ണിനടിയിലായി. തമിഴ്നാട് സ്വദേശികളായ ആറ് പേരാണ് അപകടത്തിൽ മരിച്ചത്.

മറ്റക്കാട് കുറൂപ്രയിലെ ഈ മണ്ണ് മല വർഷങ്ങൾക്ക് ശേഷം വീണ്ടും വാർത്തയാകുന്നു. ഇതിന്റെ ഭാഗമായ രണ്ടേക്കർ ഭൂമി ഭവനരഹിതർക്ക് വീട് നിർമ്മിക്കാൻ നഗരസഭ വാങ്ങുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കോടികൾ ചെലവഴിച്ച് വാങ്ങുന്ന ഭൂമിയിൽ പകുതിയും ഉപയോഗശൂന്യവും അപകട സാദ്ധ്യതയുമുളളതാണെന്ന വിവരം പുറത്ത് വിട്ടത് കൗമുദി ഫ്ലാഷാണ്. അമ്പത് അടിയോളം ഉയരത്തിൽ രണ്ടു വശങ്ങളിൽ മണ്ണെടുത്ത ഭൂമിയുടെ വശങ്ങളിലെ ചരിവു പ്രതലത്തിൽ മാത്രം നഷ്ടമാകുന്നത് 50 സെന്റിലധികമാണ്. കീഴുക്കാം തൂക്കായ വശങ്ങളിൽ നിന്ന് നീക്കി നിർമ്മാണം നടത്തുമ്പോൾ 20 മുതൽ 30 സെന്റ് വരെ വീണ്ടും നഷ്ടമാകും.

ലൈഫ് പദ്ധതിയ്ക്ക് യോജിച്ച നിരവധി സ്ഥലങ്ങൾ നഗരസഭയിലുണ്ടായിട്ടും ഈ സ്ഥലത്ത് തന്നെ പദ്ധതി നടപ്പിലാക്കണമെന്ന വാശിയ്ക്ക് പിന്നിൽ അഴിമതി നീക്കമാണെന്ന് ആരോപണമുണ്ട് ഒരു ലക്ഷം രൂപയ്ക്ക് പോലും ആരും വാങ്ങാനില്ലാതിരുന്ന സ്ഥലം 2.60 ലക്ഷം രൂപയ്ക്ക് വാങ്ങുന്നത് നഗരസഭയിലെ ചിലരുടെ കൈകടത്തലിന് ശേഷമാണെന്ന് ആരോപണമുണ്ട്. സെന്റിന് ഒന്നര ലക്ഷം രൂപയ്ക്ക് നൽകാൻ തയ്യാറായി നഗരസഭയിലെത്തിയ ഭൂവുടമയെ സ്വാധീനിച്ച് ഒരു ലക്ഷം രൂപ വില കൂട്ടിയിട്ട് ടെൻഡർ വയ്പ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.

മണ്ണ് ഇടിഞ്ഞ് ആറ് പേർ മരിച്ച ഭൂമിയാണ് കളമശേരി നഗരസഭ ലൈഫ് പദ്ധതിക്കായി എന്റെ വാർഡിൽ

കണ്ടെത്തിയത്. മഴ വന്നാൽ അവിടെ വെള്ളക്കെട്ട് വരുന്നകാര്യം ഞാൻ കൗൺസിലിൽ ഉന്നയിച്ചിട്ടുണ്ട്. കേരളകൗമുദിയിൻ വാർത്ത കണ്ടപ്പോഴാണ് അമ്പത് അടിയിൽ കൂടുതൽ ഉയരമുള്ള മല ഇടിഞ്ഞാലുള്ള ഭീകരത മനസിലാക്കുന്നത് . സ്ഥലം സന്ദർശിച്ചപ്പോൾ എന്നെ അറിയിച്ചിരുന്നില്ല .പാവങ്ങൾക്ക് കിടപ്പാടം കിട്ടുന്ന കാര്യമായതു കൊണ്ട് ഞാൻ വിമർശിച്ചില്ല. ജനങ്ങളുടെ ആശങ്ക അകറ്റി മാത്രമേ ഭവന നിർമ്മാണവുമായി മുന്നോട്ട് പോകാൻ പാടുള്ളു .

മൈമൂനത്ത് അഷറഫ്, 13-ാം വാർഡ് കൗൺസിലർ