കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിനെ മികവിന്റെ കേന്ദ്രമായി വികസിപ്പിണമെന്ന മുറവിളികൾക്ക് ഫലം കാണുന്നു. മാസങ്ങളായി മുടങ്ങിയ ആശുപത്രി വികസന സമിതി യോഗം ഇന്നു ചേരും. ജനകീയ ആവശ്യങ്ങൾക്കനുസരിച്ച് ആശുപത്രിയുടെ വികസനത്തിന് ജനപ്രതിനിധികൾ ഉൾപ്പെടെ രംഗത്തിറങ്ങാനും വഴിതെളിഞ്ഞു.

വികസന സമിതി അദ്ധ്യക്ഷൻ കൂടിയായ ജില്ലാ കളക്‌ടർ എസ്. സുഹാസിന്റെ സാന്നിദ്ധ്യത്തിലാണ് യോഗം ചേരുന്നത്. വൈകിട്ട് മൂന്നിന് കാക്കനാട്ടെ കളക്ടറേറ്റിലാണ് യോഗം. കഴിഞ്ഞ ജൂലായ്ക്ക് ശേഷം ആദ്യമായാണ് സമിതി യോഗം ചേരുന്നത്.

ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പീറ്റർ വാഴയിൽ പറഞ്ഞു. പ്രത്യേക അജണ്ടകളൊന്നുമില്ല. പ്രവർത്തനങ്ങൾ വിലയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

വികസന സമിതി യോഗം വൈകുന്നതിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് ആശങ്ക അറിയിച്ചിരുന്നു. പാവപ്പെട്ട രോഗികൾക്ക് ആശ്രയമായ മെഡിക്കൽ കോളേജിൽ കൂടുതൽ വികസനപ്രവർത്തനങ്ങൾ നടത്തണമെന്നും മികവിന്റെ കേന്ദ്രമായി വികസിപ്പിക്കണമെന്ന് ഹൈബി ഈഡൻ എം.പി ഉൾപ്പെടെ പങ്കെടുത്ത യോഗം ആവശ്യപ്പെട്ടിരുന്നു.

# കൂടുതൽ ബസ് വരും

മെഡിക്കൽ കോളേജിലേയ്ക്ക് കൂടുതൽ ബസുകൾ ആരംഭിക്കണമെന്ന ആവശ്യം കെ.എസ്.ആർ.ടി.സി പരിഗണിക്കും. റൂട്ടുകളുടെ സാദ്ധ്യത വിലയിരുത്തി വൈകാതെ തീരുമാനമെടുക്കാമെന്ന് കൃഷ്ണയ്യർ മൂവ്മെന്റ് വിളിച്ച യോഗത്തിൽ അധികൃതർ അറിയിച്ചു.

മെഡിക്കൽ കോളേജിൽ വരുന്ന രോഗികളുടെ എണ്ണം വലിയതോതിൽ വർദ്ധിച്ചു. സമീപത്തെ കാൻസർ സെന്ററിലും രോഗികൾ വർദ്ധിച്ചു. ബസ് സർവീസുകൾ കുറവായത് രോഗികൾക്ക് വന്നുപോകാൻ വിഷമം സൃഷ്ടിക്കുന്നത് യോഗം ചർച്ച ചെയ്തു.

യോഗത്തി എസ്.ശർമ്മ എം.എൽ.എ., കെ.എസ്.ആർ.ടി.സി സോണൽ ഓഫീസർ സുകുമാരൻ, കൃഷ്ണയ്യർ മൂവ്മെന്റ് പ്രതിനിധികളായ ഡോ.എൻ.കെ. സനിൽകുമാർ, കുമ്പളം രവി, എൻ.വി. മുരളി,

# ആവശ്യങ്ങൾ

സീപോർട്ട് എയർപോർട്ട് റോഡിലൂടെ പോകുന്ന ബസുകൾ ഒന്നര കിലോമീറ്റർ തിരിച്ചുവിട്ട് മെഡിക്കൽ കോളേജ് വഴിയാക്കുക.

മൂവാറ്റപുഴ, പിറവം, പെരുമ്പാവൂർ, മലയാറ്റൂർ, ഫോർട്ട്കൊച്ചി എന്നിവിടങ്ങളിൽ നിന്ന് മെഡിക്കൽ കോളേജിലേയ്ക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുക.

അന്തർജില്ലാ ദീർഘദൂര ബസുകൾ കളമശേരി എച്ച്.എം.ടി ജംഗ്ഷൻ വഴി മെഡിക്കൽ കോളേജിലെത്തി സീപോർട്ട്, ദേശീയപാത വഴി യാത്ര തുടരുക.