കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിലെ ദേശീയ ടെക്നോകൾച്ചറൽ ഫെസ്റ്റ് ബ്രഹ്മ 2020 27, 28, 29 തീയതികളിൽ നടക്കും. 27 ന് രാവിലെ ത്യാഗരാജ ആരാധനയോടെ തുടക്കമാകും. ഭാരതത്തിലെ മുപ്പതോളം സംഗീതജ്ഞർ പഞ്ചരത്നകീർത്തനങ്ങൾ ആലപിക്കും. കർണാട്ടിക് സംഗീതജ്ഞൻ ഡോ. തൃപ്പൂണിത്തുറ വിശ്വനാഥൻ ഗോപാലകൃഷ്ണനെ ആദരിക്കും. തുടർന്ന് ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നി ഇനങ്ങളിൽ മത്സരങ്ങൾ ആരംഭിക്കും. വൈകിട്ട് ശിങ്കാരിമേളം അരങ്ങേറും.28 ന് കലാമത്സരങ്ങളോടൊപ്പം ശാസ്ത്ര സാങ്കേതിക മത്സരങ്ങളും നടക്കും.

29 ന് 20 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ട്രഷർ ഹണ്ട്, റോബോവാർ, ബെസ്റ്റ് ആക്ടർ, മിസ്റ്റർ ആൻഡ് മിസ് ബ്രഹ്മ, തീം ഷോ, വോയ്സ് ഓഫ് ബ്രഹ്മ എന്നിവയിലാണ് പ്രധാന മത്സരങ്ങൾ. വൈകിട്ട് ഇന്തോനേഷ്യയുടെ ഇന്റർനാഷണൽ ഡി ജെ. മ്യൂസിക് ബാൻഡായ അകം പെർഫോർമൻസോടെ ബ്രഹ്മ 2020 ന് തിരശീല വീഴും.

പരിപാടികളിലും മത്സരങ്ങളിലും വിവിധ കോളേജുകളിൽ നിന്നായി മൂവായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. വിജയികൾക്ക് ആറുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് കോളേജ് അധികൃതർ ഒരുക്കിയിട്ടുള്ളത്.

വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ.വി.സുരേഷ്‌കുമാർ, ആദിശങ്കര വിഷൻ അസോസിയേഷൻ ഡയറക്ടർ ഡോ. ജേക്കബ് ജോർജ്, വൈസ്. പ്രിൻസിപ്പൽ ഡോ. ആശാ പണിക്കർ, യൂണിയൻ ചെയർമാൻ പി. അഭിനന്ദ് സ്റ്റീഫൻ, ജനറൽ സെക്രട്ടറി അരുൺ ബേബി എന്നിവർ പങ്കെടുത്തു.