കൊച്ചി : കോതമംഗലം പള്ളി ഏറ്റെടുത്ത് ഒാർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ ഉത്തരവിട്ട തന്നെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിക്കത്ത് ലഭിച്ചതായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ വ്യക്തമാക്കി. എന്നെ ജീവനോടെ കത്തിച്ചാലും വേണ്ടില്ല, കോടതി വിധികൾ നടപ്പാക്കണം. ഇതു നടപ്പാക്കാൻ സർക്കാരിനും പൊലീസിനും കഴിയുന്നില്ലെങ്കിൽ കോടതിക്ക് മറ്റു മാർഗങ്ങൾ നോക്കേണ്ടിവരുമെന്നും സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു. കോതമംഗലം പള്ളിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ ഹാജരായ കളക്ടറെ രൂക്ഷമായി ശാസിക്കുന്നതിനിടെയാണ് ഭീഷണിക്കത്ത് ലഭിച്ച വിവരം ജഡ്ജി വ്യക്തമാക്കിയത്. ഭീഷണിക്കത്ത് ഹൈക്കോടതി രജിസ്ട്രി മുഖേന എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറിയെന്നും ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ കോടതിയിൽ വ്യക്തമാക്കി.