chappathu
കാളിയാര്‍ പുഴയിലെ ചേലക്കടവിലെ ചപ്പാത്ത് തകര്‍ന്ന് ഉപയോഗ ശൂന്യമായ നിലയില്‍. പുഴയിലെ ജലനിരപ്പ് താഴ്ന്നതായും കാണാം.

മൂവാറ്റുപുഴ: ചൂടുകൂടുന്നതോടെ മൂവാറ്റുപുഴയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു.നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. കുടിവെള്ള പദ്ധതികളെ ആശ്രയിക്കുന്നവരാണ് ഏറെയും. പുഴകളിലെ ജലനിരപ്പ് താഴ്ന്നതാണ് പ്രശ്‌നത്തിന് കാരണം.പുഴകളിൽ സ്ഥാപിച്ചിട്ടുള്ള ചപ്പാത്തുകൾ ആവശ്യമായ രീതിയിൽ പ്രവർത്തിക്കാത്തത് പുഴകളിലെ ജലനിരപ്പ് കുറയാൻ കാരണമായിട്ടുണ്ട്.കഴിഞ്ഞ പ്രളയത്തെ തുടർന്ന് ചപ്പാത്തുകളിലെ തണലുകളും കുഴലുകളും വൃത്തിയാക്കതു മൂലം പലയിടത്തും കല്ലുൾപ്പെടെയുള്ളവ കയറി അടഞ്ഞ നിലയിലാണ്. കൂടാതെ തകർന്ന ചപ്പാത്തുകളും പ്രശ്‌നം വഷളാക്കുകയാണ്.കാളിയാർ പുഴയ്ക്ക് കുറുകെയുള്ള പോത്താനിക്കാട്,ആയവന പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചേലക്കടവ് പാലം ഉപയോഗ ശൂന്യമായ നിലയിലാണ്. ചപ്പാത്തിലെ 9 കുഴലുകളും പൊട്ടി തകർന്ന നിലയിലാണ്. കുഴലുകളിൽ കല്ലും ചെളിയും മറ്റും കയറി അടഞ്ഞത് മൂലം വെള്ളം താഴോട്ട് ഒഴുകാത്ത സ്ഥിതിയുമുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ തോതിലാണ് ജല നിരപ്പ് താഴുന്നതെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.സ്ഥിതി തുടർന്നാൽ മാർച്ച് ഏപ്രിൽ മാസങ്ങളിൽ കുടിവെള്ള ക്ഷാമം കൂടുതൽ സങ്കീർണ്ണമാകാൻ സാധ്യതയുള്ളതായും അധികാരികൾ പറയുന്നു.

പൊട്ടിയ ജലവിതരണ

കുഴലുകൾ നന്നാക്കുന്നില്ല

പൈപ്പുകളിൽ അറ്റകുറ്റപ്പണി നടത്തുന്നതിന് കാല താമസമേറുന്നതും പ്രശ്‌ന തീവ്രത വർദ്ധിക്കുകയാണ്. ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിലെ കുടിവെള്ള പദ്ധതികളിൽ നിന്നും ഒന്നിട വിട്ട ദിവസങ്ങളിലാണ് നിലവിൽ കുടിവെള്ള വിതരണം നടക്കുന്നത്.ഇവിടങ്ങളിലെ മോട്ടറുകൾ തകരാറിലാകുന്നതും പതിവായിട്ടുണ്ട്. മൂവാറ്റുപുഴ നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളായ ആശ്രമം ടോപ്പ്, കുന്നപ്പിള്ളി മല, കാനം കവല, മോളെകുടി മല എന്നിവിടങ്ങളിൽ കുടിവെള്ള ക്ഷാമം അതി രൂക്ഷമാണ്.

പുതിയ മോട്ടർ സ്ഥാപിക്കൽ സ്വാഹ

മൂവാറ്റുപുഴ കുടിവെള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിൽ പുതിയ മോട്ടർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടും ജനപ്രതിനിധികളും മറ്റും അനങ്ങാപാറ നയം തുടരുകയാണെന്നു നാട്ടുകാർ ആരോപിക്കുന്നു. കുടിവെള്ളക്ഷാമം നേരിടുന്ന മറ്റൊരിടമായ കിഴക്കേകര ആശ്രമം കുന്നിൽ വാട്ടർ ടാങ്ക് സ്ഥാപിച്ച് പ്രശ്‌ന പരിഹാരം കാണുമെന്ന് എം.എൽ.എ. അടക്കം അറിയിച്ചെങ്കിലും പിന്നീട് നടപടിയുണ്ടായിട്ടില്ല.

വെള്ളമില്ല,​ സമരത്തിനൊരുങ്ങി നാട്ടുകാർ

ഗ്രാമ പ്രദേശങ്ങളിലെ പലയിടങ്ങലിലും കാല പഴക്കം ചെന്ന വികരണ പൈപ്പുളാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് വൻ തുക ആവശ്യമാണെന്നതിനാലാണ് കുഴൽ മാറ്റി സ്ഥാപിക്കാനാകാത്തതെന്നാണ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ചൂണ്ടിക്കാണിക്കുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ നാട്ടുകാരും മറ്റും പ്രധാനമായും പരാതി അറിയിക്കുന്നത് പഞ്ചായത്ത് ജനപ്രതിനിധികളെയാണ്.എത്രയും വേഗം പ്രശ്‌നത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ ശ്രമിച്ചില്ലെങ്കിൽ ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ സമരപരിപാടികൾക്കൊരുങ്ങുകയാണ് നാട്ടുകാർ.