കൊച്ചി: തോക്കുകളും ഗ്ലാസ് മുറിക്കുന്ന യന്ത്രവുമായി ഉത്തർപ്രദേശ് കവർച്ചാ സംഘമെത്തിയത് സംസ്ഥാനത്ത് വൻ മോഷണപരമ്പര ലക്ഷ്യമിട്ടാണെന്ന് സൂചന. നഗരത്തിൽ 68 കാരിയെ കെട്ടിയിട്ട് കവർച്ച നടത്താൻ ശ്രമിച്ച സംഘം കോവളം, ആലപ്പുഴ എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു. കേസിൽ പിടിയിലായ ഉത്തർപ്രദേശ് അലിഗർ കോയിൽ സ്വദേശി അർബാസ് ഖാൻ താമസിച്ചിരുന്ന മുറിയിൽനിന്ന് രണ്ട് എയർപിസ്റ്റളും കവർച്ചയ്ക്ക് ഉപയോഗിക്കുന്ന സ്‌ക്രൂഡ്രൈവറുകൾ, താക്കോൽകൂട്ടം എന്നിവ എറണാകുളം നോർത്ത് പൊലീസ് കണ്ടെടുത്തു.
അർബാസ് ഖാനെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് നോർത്ത് പൊലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളി ഇമ്രാൻ ഖാൻ ( 28) മഹാരാഷ്ട്രയിലേക്ക് കടന്നു. ഇയാളെ പിടികൂടുന്നതിനായി പൊലീസ് സംഘം മഹാരാഷ്ട്രയിലേക്ക് തിരിക്കും. ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
അയ്യപ്പൻകാവ് വെസ്റ്റ് റോഡിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12നാണ് വീട്ടമ്മയെ കെട്ടിയിട്ട് കവർച്ച നടത്തിയത്. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു അക്രമണം. അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ രണ്ടുപേർ വീടിനുള്ളിൽ കയറി വാതിൽ കുറ്റിയിട്ടശേഷം വീട്ടമ്മയെ വലിച്ചിഴച്ച് മുറിയിലെത്തിച്ചു. തുണികൊണ്ട് കൈകാലുകൾ കെട്ടുകയും വായിൽ തുണിതിരുകുകയും ചെയ്തു. സ്വർണമാല പറിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ നിലവിളികേട്ട് അയൽവാസികൾ ഓടിക്കൂടിയതോടെ മോഷ്ടാക്കൾ കടന്നുകളഞ്ഞു. നാട്ടുകാരുടെ സാഹായത്തോടെയാണ് അർബാസ് ഖാനെ പിടികൂടിയത്. പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ ഇയാൾ ഉപേക്ഷിച്ച തോക്ക് കണ്ടെടുത്തു.