കൊച്ചി: റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3201 ന്റെ ശതവാർഷിക പദ്ധതികളുടെ ഉദ്ഘാടനം മാർച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രളയബാധിതർക്കായി നിർമ്മിച്ച 28 വീടുകൾ മുഖ്യമന്ത്രി കൈമാറും. 52 വീടുകളുടെ നിർമ്മാണോദ്ഘാടനവും നിർവഹിക്കും.
റോട്ടറി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകൾ ഉൾപ്പെടുന്ന ഡിസ്ട്രിക്ട് 3201 ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ പരിപാടി സംഘടിപ്പിക്കുന്നത്.
കൊച്ചിയിലും തൃശൂരിലും ആരംഭിക്കുന്ന കേരളത്തിലെ പ്രഥമ മുലപ്പാൽ ബാങ്കുകളുടെ ഉദ്ഘാടനം, മാതൃരക്ഷ പാവപ്പെട്ട രോഗികൾക്കായുള്ള സ്തനാർബുദ ചികിത്സ തുടങ്ങിയവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
29 മുതൽ മാർച്ച് ഒന്നുവരെയാണ് റോട്ടറി സമ്മേളനം നടത്തുക. മാനേജ്‌മെന്റ് ഗുരു മഹാത്രിയയുടെ പ്രഭാഷണമാണ് ആകർഷണം. 29 ന് മുൻ കേന്ദ്രമന്ത്രി ഡോ. ശശി തരൂർ എം.പി, ഹൈബി ഈഡൻ എം.പി എന്നിവർ പങ്കെടുക്കും. റോട്ടറി ഇന്റർനാഷണൽ ഡയറക്ടർ സൗത്ത് ഏഷ്യ കമാൽ സാംഘ്‌വി, എ.പി.എം മുഹമ്മദ് ഹനീഷ്, പ്രശാന്ത് നായർ, ദിനാന്ത് കൊൽക്കർ, ഡോ. പൂർണേന്ദു റോയ്, ഡോ. രാജീവ് ജയദേവൻ, ലക്ഷ്മി രാമചന്ദ്രൻ, ഷീല കൊച്ചൗസേപ്പ്, തുഷാര ജെയിംസ്, സുജാത മാധവ് എന്നിവർ സംസാരിക്കും.
കോയമ്പത്തൂരിൽ ആരംഭിച്ച ദീപശിഖ റാലി 29 ന് രാവിലെ സമ്മേളന നഗരിയിൽ എത്തും. റോട്ടറി ജനറൽ സെക്രട്ടറി ആൽഗേഴ്‌സ് ഖാലിദാണ് ദീപശിഖാ റാലി നയിക്കുന്നതെന്ന് ഡിസ്ട്രിക്ട് ഗവർണർ ആർ. മാധവ് ചന്ദ്രൻ, കോൺഫറൻസ് കമ്മിറ്റി ചെയർമാൻ ഡോ.ജി.എൻ. രമേശ് എന്നിവർ അറിയിച്ചു.