കൊച്ചി: ബാംഗ്ലൂരിൽ നിന്ന് ട്രെയിൻമാർഗം എറണാകുളത്തേയ്ക്ക് അയച്ച ഇരുചക്ര വാഹനം കാണാനില്ലെന്ന് പരാതി. ചോറ്റാനിക്കര സ്വദേശി നെൽസൺ ജോർജിന്റെ ഭാര്യ ദീപയുടെ പേരിലുള്ള യമഹ റേ സ്‌കൂട്ടിയാണ് റെയിൽവേയുടെ അനാസ്ഥമൂലം കാണാതായത്. മകൻ എൽദോ പഠനാവശ്യങ്ങൾക്കായി നേരത്തെ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയ വാഹനമാണ് ആവശ്യം കഴിഞ്ഞതോടെ ജനുവരി 25ന് ബാംഗ്ലൂരിൽ നിന്നും റെയിൽവേ പാഴ്‌സൽ വഴി കൊച്ചിയിലേക്ക് കയറ്റി അയച്ചത്. കൊച്ചുവേളി-ബാംഗ്ലൂർ എക്‌സ്‌പ്രസിൽ രണ്ട് ദിവസത്തിന് ശേഷം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തേണ്ട വാഹനത്തെപ്പറ്റി ഒരു മാസം പിന്നിട്ടിട്ടും അറിവില്ല. നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളിൽ അന്വേഷിച്ചപ്പോൾ ഉടൻ എത്തുമെന്ന് മറുപടിയാണ് ലഭിച്ചത്. പലതവണ റെയിൽവേ ഓഫീസുകളിൽ കയറിയിറങ്ങിയിട്ടും വാഹനത്തിന് എന്ത് സംഭവിച്ചുവെന്ന് ഉത്തരം നൽകാൻ റെയിൽവേ അധികൃതർക്ക് സാധിച്ചിട്ടില്ല. കൊച്ചുവേളി, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുകളിൽ അന്വേഷിച്ചെങ്കിലും കാര്യമായ തുമ്പ് ലഭിച്ചില്ലെന്ന് നെൽസൺ പറഞ്ഞു. റെയിൽവേയുടെ ഉന്നതവൃത്തങ്ങളിൽ പരാതി നൽകിയെങ്കിലും മറുപടി​യി​ല്ല. ഇതുവരെയും വാഹനത്തെപ്പറ്റി കാര്യമായ അന്വേഷണം നടത്താതെ റെയിൽവേ അനാസ്ഥ കാണിക്കുകയാണെന്നും നെൽസൺ പറഞ്ഞു.