കൊച്ചി: കൊച്ചി മെട്രോയുടെ ഇരുമ്പനത്തുള്ള സ്റ്റോക്കിംഗ് യാർഡിൽ നിന്നു ഇരുമ്പ് കമ്പികൾ മോഷ്ടിച്ച സംഘത്തിലെ രണ്ടു പ്രതികൾ കൂടി പിടിയിലായി.പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽ വലിയ വീട്ടിൽ യാസർ (38), ആലുവ തായിക്കാട്ടുകര തച്ചവല്ലത്ത് വീട്ടിൽ ഫറൂക്ക് (35) എന്നിവരെയാണ് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.
കമ്പനിയിലേക്ക് കോൺടാക്ട് അടിസ്ഥാനത്തിൽ വാഹനങ്ങൾ എത്തിച്ചു കൊടുക്കുന്നവരാണ് യാസറും സുഹൃത്ത് മുഹമ്മദ് ഫറൂക്കും . ജോലിക്കാരുടെ സഹായത്താൽ സ്റ്റോക്ക് യാർഡിൽ നിന്നും വർക്ക് സൈറ്റുകളിലേക്ക് കമ്പനികൾ കൊണ്ട്
പോകാനെന്ന വ്യാജേന ലോറിയിൽ കയറ്റി കൊണ്ട് പോകുകയായിരുന്നു. കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ പേട്ട മുതൽ എസ്.എൻ
ജംഗ്ഷൻ വരെയുള്ള ജോലികൾക്കായി കമാനി എൻജിനീയറിംഗ് കമ്പനി കൊണ്ടുവന്ന് ഇരുമ്പനത്തെ സ്റ്റീൽ സ്റ്റോക്കിംഗ് യാർഡിൽ സൂക്ഷിച്ചിരുന്ന ഇരുപത് ലക്ഷം രൂപ വിലവരുന്ന നാൽപതോളം ടൺ ഇരുമ്പ് കമ്പികളാണ് മോഷണം പോയത്. പലർക്കായി 6 ലക്ഷം രൂപ യോളം കൊടുത്താണ് പ്രതികൾ മോഷണം നടത്തിയത്. 2019 ഡിസംബറിനായിരുന്നു സംഭവം.ഈ സംഘത്തിലെ മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് നടത്തിയ തുടർ അന്വേഷണത്തിലാണ് ആലുവ ഇടയാർ ഭാഗത്ത് നിന്നും മോഷണം പോയ കമ്പികൾ കണ്ടെടുത്തത്.