കൊച്ചി: മൂവാറ്റുപുഴയിൽ കാഞ്ഞാർ സ്വദേശിനിയായ ക്രിസ്ത്യൻ യുവതിയെ സ്നേഹം നടിച്ച് പീഡിപ്പിച്ച് മതം മാറ്റാൻ ശ്രമിച്ച സംഭവത്തിൽ മൂവാറ്റുപുഴ പി.ഒ ജംഗ്ഷനിൽ അലീന ടൂർസ് ആൻഡ് ട്രാവൽസ് ഉടമ പേഴയ്ക്കാപ്പിള്ളി കുളക്കാടൻ കുടിയിൽവീട്ടിൽ കെ.എം അലിയെ (48) അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പ്രതിയെ പിടി കൂടിയത്.
പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ പ്രതി ബംഗളൂരുവിലേക്ക് കടന്നിരുന്നു കൈയിലെ പണം തീർന്നതോടെ നാട്ടിലേക്ക് തിരിച്ചു. അക്കൗണ്ടു വഴി പണമയച്ചാൽ പൊലീസ് കണ്ടെത്തുമെന്നറിഞ്ഞായിരുന്നു യാത്ര. നാട്ടിലെത്തി പണം സംഘടിപ്പിച്ച് തിരിച്ച് പെരുമ്പാവൂരിൽ നിന്ന് മേതല വഴി കടന്ന് പൊലീസിനെ വെട്ടിച്ച് ആലുവ റെയിൽവെ സ്റ്റേഷനിലെത്തുകയായിരുന്നു ഉദ്ദേശം. ഇയാളുടെ നീക്കങ്ങൾ മനസിലാക്കിയ പൊലീസ് സംഘം മേതലയിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞദിവസം തൃശൂർ, കുന്നംകുളം ഭാഗത്ത് ഇയാൾ എത്തിയത് മനസിലാക്കി പൊലീസ് പിന്നാലെ എത്തിയെങ്കിലും കടന്നുകളഞ്ഞു. തിരിച്ച് തൃക്കളത്തൂർ ഭാഗത്ത് എത്തിയതറിഞ്ഞ് പൊലീസ് എത്തിയെങ്കിലും പിടികൂടാനായില്ല.
ഒന്നര വർഷത്തോളം സ്ഥാപന ഉടമ പ്രലോഭിപ്പിച്ച് ഗോവ, മൈസൂർ, വാഗമൺ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം മതംമാറ്റാൻ ശ്രമിച്ചുവെന്നാണ് ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ പരാതി. തുടർന്ന് യുവതി ജോലി ഉപേക്ഷിച്ചു. ജോലിക്ക് വരാതായതോടെ ഇയാൾ ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. മൂവാറ്റുപുഴയിലെത്തി പരാതി നൽകാൻ ഭയന്ന യുവതി ഫെബ്രുവരി 18ന് കാഞ്ഞാർ സ്റ്റേഷനിൽ പരാതി നൽകി. കാഞ്ഞാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു.പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയ വാഗമണ്ണിലെ റിസോർട്ടിൽ പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് പൂർത്തിയാക്കി.