ആലുവ: കേരള സംസ്‌കൃതാദ്ധ്യാപക ഫെഡറേഷൻ സംസ്ഥാന സമ്മേളനം ആലുവയിൽ 27, 28, 29 തീയതികളിൽ നടക്കും. ആലുവ തോട്ടുംമുഖം വൈ.എം.സി.എ ഹാളിൽ നടക്കുന്ന സംസ്‌കൃത വിദ്യാഭ്യാസ സമ്മേളനം 29 ന് രാവിലെ 11 ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 27 ന് കൗൺസിൽ യോഗം. 28ന് സംസ്ഥാന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ മുത്തലിബും ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം മുൻ സംസ്ഥാന പ്രസിഡന്റ് എൻ. ജാപാലും 29 ന് യാത്രഅയപ്പ് സമ്മേളനം ബെന്നി ബഹനാൻ എം പിയും ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സംസ്‌കൃത സംഭാഷണ ചിത്രരചനാ മത്സരത്തിൽ സമ്മാനാർഹരായവർക്കും ഏറ്റവും നല്ല വാർത്താവതാരകയായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കും വിദ്യാഭ്യാസമന്ത്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ.ധർമ്മരാജ് അടാട്ട് മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രപതി പുരസ്‌കാരം നേടിയ ഡോ. ജി. ഗംഗാധരൻ നായരെ മന്ത്രി ആദരിക്കും.
കവി എൻ.കെ. ദേശം, അദ്വൈതാശ്രമം സെക്രട്ടറി ശിവ സ്വരൂപാനന്ദ , നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം, സാഹിത്യകാരൻ ശ്രീമൂലനഗരം മോഹൻ, സുകൃതീന്ദ്ര ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. വി. നിത്യാനന്ദ ഭട്ട്, ജി.സി.ഡി.എ ചെയർമാൻ വി സലിം, പി. കൃഷ്ണദാസ്, ഡോ. എം.വി നടേശൻ, ആലുവ ഡി ഇ ഒ സുബിൻ പോൾ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
സംസ്ഥാന ജനറൽസെക്രട്ടറി എസ്. രവികുമാർ , പ്രോഗ്രാം കൺവീനർ അയ്യമ്പുഴ ഹരികുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.