കൊച്ചി:
ദേശീയ വിരവിമുക്ത ദിനത്തിൽ ജില്ലയിലെ 4,17,039 കുട്ടികൾക്ക് വിരയ്‌ക്കെതിരെ ഗുളികകൾ നൽകി. സ്‌കൂളുകളിലും മറ്റു വിദ്യാലയങ്ങളിലും പരീക്ഷകൾ ആരംഭിച്ചതിനാൽ ഹാജർ നില പൊതുവെ കുറവായിരുന്നു. ഒട്ടേറെ കുട്ടികൾക്ക് ഇന്ന് ക്ലാസുകൾ ഉണ്ടായിരുന്നില്ല. ഇന്നലെ ഗുളികകൾ കിട്ടാത്ത കുട്ടികൾക്ക് സമ്പൂർണ്ണ വിരവിമുക്ത ദിനമായ മാർച്ച് മൂന്നാം തിയതി ഗുളികകൾ നൽകും. ജില്ലയിൽ ഒരു വയസ്സിനും 19 വയസ്സിനും ഇടയിൽ പ്രായമുള്ള 7,20,923 കുട്ടികൾക്കാണ് ഗുളികകൾ നൽകുന്നത്.
ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, വനിത ശിശു വികസന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി ജില്ലാതല ഉദ്ഘാടനം കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് ഹൈസ്‌കൂളിൽ കെ.ജെ.മാക്‌സി എം.എൽ.എ നിർവഹിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജോർജ് അദ്ധ്യക്ഷത വഹിച്ചു. കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ ആന്റണി കുട്ടികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ. കുട്ടപ്പൻ മുഖ്യ പ്രഭാഷണം നടത്തി.