വൈപ്പിൻ : വൈപ്പിൻ ഗവ കോളേജിൽ എസ് എഫ് ഐ , എ ഐ എസ് എഫ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. പരിക്കേറ്റ ഒരു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ കോളേജിനകത്ത് വെച്ചാണ് അടിപിടി ഉണ്ടായത്. പരിക്കേറ്റ എ. ഐ. എസ് .എഫ് യൂണിറ്റ് പ്രസിഡന്റും രണ്ടാം വർഷ വിദ്യാർത്ഥിയുമായ ആൻറണിയെ ആദ്യം പറവൂർ ഗവ. ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ വർഷം കോളേജിലുണ്ടായ അടിപിടിയിൽ പ്രതികളായ എസ് എഫ് ഐ വിദ്യാർത്ഥികളുടെ കേസ് പിൻവലിക്കുന്നതി​നെ കുറി​ച്ചുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. പ്രതികൾ ഫൈനൽ ഇയർ വിദ്യാർത്ഥികളായതിനാൽ കേസുകൾ അവസാനിപ്പിക്കണമെന്നായിരുന്നു എസ് എഫ് ഐ വിദ്യാർത്ഥികളുടെ ആവശ്യം.

കഴിഞ്ഞ വർഷമുണ്ടായ വിദ്യാർത്ഥി സംഘർഷം സി പി ഐ ഏറ്റെടുക്കുകയും ഞാറക്കൽ സി ഐ ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ഐ ജി ഓഫീസ് മാർച്ചിൽ എം എൽ എയ് ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.