vedikkettu

തൃപ്പൂണിത്തുറ: പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ട് അവസാനനിമിഷം പൊലീസ് തടഞ്ഞു. ഇതേത്തുടർന്ന് ക്ഷേത്രാങ്കണം ഏറെനേരം സംഘർഷഭരിതമായിരുന്നെങ്കിലും പൊലീസ് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കി.

ഈ വിഷയത്തിൽ കേസ് ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നെങ്കിലും ജില്ലാ കളക്ടർ തീരുമാനമെടുക്കണമെന്നായിരുന്നു ഉത്തരവ്. കളക്ടർ വെടിക്കെട്ടിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചില്ല. എന്നാൽ ഇന്നലെ രാത്രി വെടിക്കെട്ട് സാമഗ്രികൾ ക്ഷേത്രഭാരവാഹികളുടെ നേതൃത്വത്തിൽ സജ്ജമാക്കി. ഇതോടെ സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി തടയുകയായിരുന്നു. കാഴ്ചക്കാർ ആദ്യം തടസമുന്നയിച്ചെങ്കിലും പൊലീസ് നിയമവശങ്ങൾ പറഞ്ഞുമനസിലാക്കി. മൈതാനത്ത് നിരത്തിയ വെടിക്കെട്ട് സാമഗ്രികൾ പിന്നീട് അഗ്നിശമനസേന വെള്ളമൊഴിച്ച് നിർവീര്യമാക്കി.

നിയമപരമായി വെടിക്കെട്ട് നടത്താൻ അനുയോജ്യമല്ലാതതാണ് സാഹചര്യമെന്ന് കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാെലീസ് കർശന നടപടിക്ക് മുതിർന്നത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വിവിധ ഹൈന്ദവസംഘടനകളുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുുറ നഗരസഭാ പ്രദേശത്ത് ഇന്ന് കരിദിനം ആചരിക്കും. രാത്രി വൈകിയും ക്ഷേത്രപരിസരത്ത് പ്രതിഷേധം തുടരുകയാണ്.