ncp
ncp

കൊച്ചി: കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ പിൻഗാമിയാരെന്ന കടുത്ത ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനുമിടെ, എൻ.സി.പി കോർ കമ്മിറ്റിയുൾപ്പെടെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് കൊച്ചിയിൽ ചേരും. തോമസ് ചാണ്ടിയുടെ സഹോദരനെ മത്സരിപ്പിക്കുന്നതിൽ സി.പി.എം നേതൃത്വം എതിർപ്പ് പരസ്യമാക്കിയ സാഹചര്യത്തിൽ യോഗം നിർണായകമാവും.

തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസിനെ കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ നടത്തിയ നീക്കങ്ങൾ പാർട്ടിക്കുള്ളിൽ കടുത്ത ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്റെ നിർദ്ദേശത്തെ ഭൂരിപക്ഷം നേതാക്കളും എതിർക്കുകയാണ്. പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നവരെ സ്ഥാനാർത്ഥിയാക്കണമെന്നതാവും യോഗങ്ങളിലെ പ്രധാന ചർച്ചാവിഷയമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

എറണാകുളം ജെട്ടിയിലെ സ്വകാര്യ ഹോട്ടലിൽ രാവിലെ 10 ന് കോർകമ്മിറ്റി യോഗമാണ് ആദ്യം നടക്കുക. തുടർന്ന് സംസ്ഥാന സമിതി, സംസ്ഥാന നിർവാഹക സമിതി യോഗങ്ങളും ചേരും. സ്ഥാനാർത്ഥി ആരെന്ന് അന്തിമതീരുമാനമെടുത്ത് അറിയിക്കാനാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശം. കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് സൂചന.

തോമസ് കെ. തോമസ് സ്ഥാനാർത്ഥിയാകുന്നതിൽ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. സ്വയം പ്രഖ്യാപിതർ വേണ്ട, എൻ.സി.പിയുടെയും എൽ.ഡി.എഫിന്റെയും സ്ഥാനാർത്ഥി മതിയെന്നാണ് അദ്ദേഹം പറഞ്ഞത്.

കുട്ടനാട് സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ് ആലോചിക്കുന്ന സാഹചര്യത്തിൽ, മികച്ച സ്ഥാനാർത്ഥി വേണമെന്നാണ് എൻ.സി.പിയിലെ പൊതുവികാരം. ജോസഫ് വാഴയ്ക്കനോ എം. ലിജുവോ കോൺഗ്രസ് സ്ഥാനാർത്ഥിയായാൽ മത്സരം കടുക്കുമെന്ന് നേതാക്കൾ പറയുന്നു. മന്ത്രി എ.കെ. ശശീന്ദ്രനും മാണി സി. കാപ്പൻ എം.എൽ.എയുമുൾപ്പെടെ നേതാക്കൾ ഇക്കാര്യം പാർട്ടിയിൽ ഉന്നയിച്ചിട്ടുണ്ട്. സഹതാപതരംഗത്തിന് കുട്ടനാട്ടിൽ സാദ്ധ്യതില്ലെന്നും പ്രമുഖ നേതാക്കൾ വിലയിരുത്തുന്നു. വീട്ടുകാരനല്ല, പാർട്ടിക്കാരനാണ് മത്സരിക്കേണ്ടതെന്ന നിലപാടാണ് പ്രഫുൽപട്ടേലും അറിയിച്ചതെന്നാണ് വിവരം. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരനും അദ്ദേഹത്തെ അനുകൂലിക്കുന്ന ചിലരുമാണ് തോമസ് കെ. തോമസിനെ മത്സരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇവരും എതിർക്കുന്നവരും തമ്മിൽ വാക്പോരിന് ഇന്നത്തെ യോഗങ്ങൾ വേദിയാകുമെന്നാണ് സൂചന

പരിഗണിക്കപ്പെടുന്ന

പ്രധാനികൾ

സലിം പി. മാത്യു.

എൻ.സി.പിയുടെ സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി. യൂത്ത് കോൺഗ്രസ് -എസ് സംസ്ഥാന പ്രസിഡന്റ്, എൻ.വൈ.സി ദേശീയ ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. കുട്ടനാട് സ്വദേശി. തോമസ് ചാണ്ടിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

 സുൾഫിക്കർ മയൂരി

ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ. കായംകുളം സ്വദേശി. പാർട്ടിയിൽ വിവിധ പദവികൾ വഹിച്ചു.

ദേവസ്വം അംഗത്വവും

ചർച്ചയാവും

ഗുരുവായൂർ ദേവസ്വത്തിൽ എൻ.സി.പിക്ക് നൽകിയ അംഗത്വവും ചർച്ചയാവും. പാർട്ടി നിർദ്ദേശിച്ച ജയൻ പുത്തൻപുരയ്ക്കലിനെ സി.പി.എം അംഗീകരിച്ചിട്ടില്ല. വിജിലൻസ് റിപ്പോർട്ടും എതിരാണെന്നാണ് സൂചന. ഇക്കാര്യത്തിലെ നിലപാടും ചർച്ചയാവും..