കോലഞ്ചേരി: സാനിട്ടേഷൻ സർട്ടിഫിക്കറ്റ്, ആരോഗ്യ വിഭാഗം കർശന പരിശോധന തുടങ്ങി. സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് ലൈസൻസ് പുതുക്കുന്നതിന് മുന്നോടിയായാണ് സാനിട്ടേഷൻ സർട്ടിഫിക്കറ്റ് എടുക്കുന്നത്. ശുചിത്വം, മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഹെൽത്ത് കാർഡ് എന്നിവയാണ് നിർബന്ധമാക്കിയത്. 2020- 21 വർഷത്തേയ്ക്കുള്ള സാനിട്ടേഷൻ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവർ തങ്ങളുടെ സ്ഥാപനത്തിൽ പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ വീഴ്ചയില്ലാതെ പാലിക്കുന്നതായി സ്വയം ഉറപ്പു വരുത്തണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.ഭക്ഷണപാനീയ വില്പനകേന്ദ്രങ്ങളും പാചകശാലകളും മാലിന്യം ഒഴിവാക്കി ശുചിത്വം ഉറപ്പാക്കിയാൽ മാത്രമെ സാനിട്ടേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കൂ.
ജുനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി.എ.സതീഷ്‌കുമാർ, കെ.കെ.സജീവ്, എസ്.നവാസ് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
അഞ്ച് സ്ഥാപനങ്ങൾക്കെതിരെ നടപടി
കഴിഞ്ഞ ദിവസങ്ങളിൽ ശുചിത്വ പരിശോധന നടത്തിയ പൂത്തൃക്ക ആരോഗ്യ വിഭാഗം വിവിധ സ്ഥലങ്ങളിലായി 5 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.മാലിന്യ സംസ്‌കരണത്തിന് സംവിധാനമൊരുക്കാതെ രഹസ്യമായി പൊതു ഓടയിലേയ്ക്ക് മാലിന്യം ഒഴുക്കിയിരുന്ന പുതപ്പനത്തേയും മീമ്പാറയിലേയും ഹോട്ടലുകൾക്കും ,രോഗാണു സംക്രമണത്തിന് ഇടയാക്കുന്ന തരത്തിൽ ഭക്ഷണം കൈകാര്യം ചെയ്തതിന് കോലഞ്ചേരി മെഡിക്കൽകോളേജ് റോഡിലെ ബേക്കറിക്കും സാനിട്ടേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് ഉദ്യോഗസ്ഥർ വിലക്കി.
ഒരു ഹോട്ടലിന്റെ മാലിന്യസംഭരണി മാറ്റി സ്ഥാപിച്ചു
വടയമ്പാടിയിൽ ദേശീയ പാതയ്ക്ക് സമീപമുള്ള ഹോട്ടലിൽ സ്ഥാപിച്ചിരുന്ന മാലിന്യ സംഭരണി അയൽവാസിയുടെ കിണർ മലിനപ്പെടുത്താൻ സാധ്യതയുള്ളതായി പരിശോധനയിൽ കണ്ടെത്തി. ഉദ്യോഗസ്ഥർ ഉടമയ്ക്ക് നോട്ടീസ് നൽകിയതിനെത്തുടർന്ന് മാലിന്യസംഭരണി തുറന്ന് മുഴുവൻ മാലിന്യവും കോരി നീക്കി മണ്ണിട്ടുമൂടി സുരക്ഷിതമാക്കി. ആവശ്യമായ അകലം പാലിച്ചുകൊണ്ട് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പുതിയ മാലിന്യസംഭരണി ഹോട്ടലിൽ നിർമ്മിച്ചു.പുതുപ്പനത്തെ ഹോട്ടലിന്റെ പാചകശാലയിൽ സൂക്ഷിച്ചിരുന്ന മാലിന്യ ബക്കറ്റ് ആഴ്ചകളായി മാലിന്യം ഒഴിവാക്കാത്തതുമൂലം പുഴുക്കൾ നിറഞ്ഞ നിലയിലായിരുന്നു.
ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശം
ആരോഗ്യനിലവാരം മെച്ചപ്പെടുത്തി
സമീപകാലത്തായി ആരോഗ്യവിഭാഗം സ്ഥാപനങ്ങളിൽ ബോധവത്കരണത്തോടൊപ്പം പൊതുജനാരോഗ്യ കാഴ്ചപ്പാടിൽ കർശനമായ പരിശോധനാ നടപടികളും തുടരുന്നതു വഴി പുത്തൃക്ക, തിരുവാണിയൂർ പഞ്ചായത്തുകളിലെ ഭക്ഷണ പാനീയ വില്പന കേന്ദ്രങ്ങളുടെ ആരോഗ്യനിലവാരം ഏറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.
കെ.കെ.സജി,ഹെൽത്ത് ഇൻസ്‌പെക്ടർ
പ്ലാസ്റ്റിക് നിരോധനം കർശനമായി പാലിക്കണം
സ്ഥാപനം പുകയില വിമുക്തമാക്കുന്നതിന് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്തവർക്കെതിരെ 'കോട്പ' നിയമപ്രകാരം പിഴ ചുമത്തും.
ഭക്ഷണ വിതരണത്തിൽ പ്ലാസ്റ്റിക് നിരോധനം കർശനമായും പാലിച്ചിരിക്കണം.
വി.ബിജുമോൻ,ഹെൽത്ത് സൂപ്പർവൈസർ