കൊച്ചി: കൊച്ചി കോർപ്പറേഷന്റെ നടപ്പുവർഷത്തെ ബഡ്ജറ്റിൽ മൂന്നാം റോ റോ ജങ്കാർ നിർമ്മിക്കാൻ തുക ഉൾക്കൊള്ളിക്കണമെന്ന ആവശ്യം ശക്തമായി. നിലവിലെ രണ്ടു ജങ്കാറുകളും തകരാറിലാകുന്ന സാഹചര്യത്തിൽ ഒരെണ്ണം കൂടി അനിവാര്യമാണെന്ന് യാത്രക്കാർ പറയുന്നു. സമ്പാത്തികപ്രതിസന്ധി പുതിയ റോ റോ നിർമ്മിക്കാൻ തടസമാണെന്നാണ് നഗരസഭയുടെ നിലപാട്.
മൂന്നാം ജങ്കാർ ആവശ്യപ്പെട്ട് പശ്ചിമകൊച്ചി, വൈപ്പിൻ നിവാസികൾ മേയർക്ക് ഹർജി നൽകും. ഏതു നിമിഷവും തകരാർ സംഭവിക്കാൻ സാദ്ധ്യതയുള്ളതിനാൽ സുഗമമായ സർവീസ് നടത്തിപ്പിന് മൂന്നാം ജങ്കാർ കൂടിയേ തീരൂവെന്ന് ഫോർട്ടു വൈപ്പിൻ ജനകീയ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു. മൂന്നാമതൊരെണ്ണം പ്രായോഗികമല്ലെന്നാണ് മേയർ സൗമിനി ജെയിനിന്റെ നിലപാട്. അധികൃതർ കൈയൊഴിഞ്ഞ സാഹചര്യത്തിലാണ് ഫോർട്ടു വൈപ്പിൻ ജനകീയ കൂട്ടായ്മ രംഗത്തെത്തുന്നത്. നിവേദനം അടുത്ത ആഴ്ച മേയർക്ക് കൈമാറുമെന്ന് ചെയർമാൻ അഡ്വ. മജ്നു കോമത്ത് പറഞ്ഞു.
യാത്രാദുരിതം തുടർക്കഥ
കഴിഞ്ഞ ദിവസം രണ്ടു റോ റോ ജങ്കാറുകളും തകരാറിലായതോടെ ഇരു കരകളിലെയും യാത്രക്കാർ ദുരിതത്തിലായിരുന്നു. വൈകിട്ട് 5.30 ന് ഫോർട്ടുകൊച്ചിയിൽ നിന്ന് പുറപ്പെട്ട ജങ്കാറാണ് ആദ്യം കേടായത്. ഇത് വൈപ്പിനിൽ കൊണ്ടുപോയി കെട്ടിയിട്ടശേഷം രണ്ടാമത്തെ ജങ്കാർ സർവീസ് തുടങ്ങിയെങ്കിലും എട്ടു മണിയോടെ അതും കേടായി. തിരക്കേറിയ സമയമായതിനാൽ ഇരു കരകളിലും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. യാത്രക്കാരെയും ചെറുവാഹനങ്ങളെയും കയറ്റിയാണ് രണ്ടാമത്തെ ജങ്കാർ സർവീസ് നടത്തിയത്.
മുക്കാൽ മണിക്കൂറോളം ജങ്കാർ ഫോർട്ടുകൊച്ചി ജെട്ടിയിൽ കെട്ടിയിട്ടശേഷം എട്ടേ മുക്കാലിനാണ് സർവീസ് തുടരാൻ കഴിയില്ലെന്ന കാര്യം ജീവനക്കാർ യാത്രക്കാരെ അറിയിച്ചത്.ടിക്കറ്റ് കൗണ്ടർ പൂട്ടി ജീവനക്കാർ സ്ഥലം വിട്ടതോടെ യാത്രക്കാർ ബഹളംവച്ചു. തുടർന്ന് പൊലീസ് രംഗത്തെത്തി.
രണ്ടാം റോ റോ വരാൻ വൈകും
ഒന്നാം ജങ്കാർ രാവിലെ 6 മുതൽ രാത്രി 10 വരെയും രണ്ടാമത്തേത് 8.30 മുതൽ രാത്രി 8.30 വരെയുമാണ് സർവീസ് നടത്തിയിരുന്നത്. ഇന്നലെ ഒരെണ്ണം മാത്രമാണ് ഇറങ്ങിയത്. സ്പെയർ പാർട്സ് ലഭിച്ചാൽ മാത്രമേ രണ്ടാം ജങ്കാർ പുറത്തിറക്കാൻ കഴിയൂവെന്ന് നടത്തിപ്പുകാരായ കെ.എസ്.എ.എൻ.സി (കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ) വക്താവ് പറഞ്ഞു.
ഭരണക്കാരുടെ പിടിപ്പുകേട്
ബോട്ടപകടത്തിൽ 11 പേർ മരിച്ച സ്ഥലത്ത് കരാറില്ലാതെ റോ റോ സർവീസ് തുടരുന്നത് ജീവന് ഭീഷണിയാണ്. അപകടം സംഭവിച്ചാൽ യാത്രക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല. ധാരണാപത്രത്തിന്റെ ബലത്തിലാണ് നിലവിലെ സർവീസ്. സർവീസ് നടത്തിപ്പിന് കമ്പനി രൂപീകരിക്കാൻ സർക്കാർ അനുമതി നൽകി ആറു മാസം കഴിഞ്ഞെങ്കിലും പ്രാരംഭ നടപടികൾ പോലും ആരംഭിച്ചിട്ടില്ല. കമ്പനി രൂപീകരിച്ചാൽ സർവീസ് ലാഭത്തിലാകും. വരുമാനത്തിൽ നിന്ന് രണ്ട് ജങ്കാറുകൾ കൂടി നിർമ്മിക്കാം. അര മണിക്കൂർ ഇടവിട്ട് രാത്രി സർവീസ് ആരംഭിച്ചാൽ ഇരു കരകളുടെയും മുഖച്ഛായ മാറും
കെ.ജെ.ആന്റണി
നഗരസഭ പ്രതിപക്ഷ നേതാവ്