കൊച്ചി: വിനോദസഞ്ചാരത്തിൽ കൊച്ചിക്ക് വീണ്ടും ആഗോള അംഗീകാരം. ഹരം പകരുന്നതും പ്രിയങ്കരവുമായ ലോകത്തെ ഏറ്റവും മികച്ച സഞ്ചാരകേന്ദ്രമെന്ന് ട്രിപ്പ് അഡ്വൈസർ കൊച്ചിയെ വിലയിരുത്തി. ലോകത്തെ ഏറ്റവും വലിയ ട്രാവൽ വെബ്സൈറ്റാണ് ട്രിപ്പ് അഡ്വൈസർ.
യാത്രയ്ക്ക് ഏറ്റവുമധികം പേർ തിരഞ്ഞതും മികച്ച അഭിപ്രായം രേഖപ്പെടുത്തിയതും കൊച്ചിയ്ക്കാണെന്ന് വെബ്സൈറ്റിന്റെ ഇന്ത്യൻ മേധാവി നിഖിൽ ഗഞ്ജു പറഞ്ഞു. ഏറ്റവുമധികം പേർ കാണാൻ ആഗ്രഹിക്കുന്നയിടമാണ് കൊച്ചി.
തീരദേശങ്ങളിലെ ഗ്രാമങ്ങളാണ് ഏറ്റവും പ്രിയങ്കരം. സൂര്യാസ്തമയക്കാഴ്ച, കരിമീൻ ഉൾപ്പെടെ മത്സ്യവിഭവങ്ങൾ, ദ്വീപുകൾക്കിടയിലെ ബോട്ട് യാത്രകൾ എന്നിവ ഹരം പകരുന്നതായി സഞ്ചാരികൾ പറയുന്നു. ശാന്തമായ കഫേകൾ, കലാകേന്ദ്രങ്ങൾ, ചരിത്രസ്‌മാരകങ്ങൾ, കോട്ടകൾ എന്നിവയാണ് ഭൂരിപക്ഷം വിദേശസഞ്ചാരികളെയും ആകർഷിച്ചത്.
സഞ്ചാരികൾ വെബ്സൈറ്റിൽ രേഖപ്പെടുത്തിയ അഭിപ്രായങ്ങൾ വിലയിരുത്തിയായിരുന്നു തിരഞ്ഞെടുപ്പ്. ഫിലിപ്പൈൻസിലെ ലുസോൺ രണ്ടും പോർച്ചുഗലിലെ പോർട്ടോ മൂന്നും സ്ഥാനങ്ങൾ നേടി. വളരുന്ന കേന്ദ്രങ്ങൾ എന്ന വിഭാഗത്തിൽ ആഗ്ര 25 ാം സ്ഥാനം നേടി.
# അഭിമാനനേട്ടം
കേരള ടൂറിസത്തിനും കൊച്ചിയ്ക്കും അഭിമാനിക്കാവുന്ന നേട്ടം. ടൂറിസത്തിൽ കേരളത്തിന്റെ കുതിപ്പിന് പുരസ്കാരം കരുത്തു പകരും. സർക്കാരും ടൂറിസം സംരംഭകരും സ്വീകരിച്ച മികച്ച വിപണനതന്ത്രമാണ് വിജയിച്ചത്.
കടകംപള്ളി സുരേന്ദ്രൻ
സംസ്ഥാന ടൂറിസം മന്ത്രി