കോലഞ്ചേരി: വേനൽച്ചൂട് കടുത്തതോടെ നേത്ര രോഗങ്ങളും കുടുന്നു. ചെങ്കണ്ണ് ഭീഷണിയാണ് വേനലിലെ പ്രധാന വില്ലൻ. കണ്ണിന്റെ നേത്ര പടലത്തെ ബാധിക്കുന്ന ചെങ്കണ്ണ് രോഗം കോശഭിത്തിയിൽ വൈറസ്, ബാക്ടീരിയ എന്നിവ മൂലമാണ് ഉണ്ടാകുന്നത്. കണ്ണ് ചുവക്കുന്നതാണ് മുഖ്യ രോഗ ലക്ഷണം.നേത്രഗോളത്തിന്റെ ഏറ്റവും പുറമെയുള്ള നേർത്ത ആവരണത്തിൽ ഉണ്ടാകുന്ന അണുബാധയും തുടർന്നുണ്ടാകുന്ന നീർക്കെട്ടുമാണ് ഇതിനു കാരണം.
രക്തക്കുഴലുകൾ വികസിക്കുകയും രക്തപ്രവാഹം കൂടുകയും കണ്ണ് ചുവക്കുകയും ചെയ്യും.
ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മാറും.പക്ഷേ വൈറസ് മൂലമുള്ളവ മാറാൻ രണ്ടാഴ്ചയെങ്കിലും എടുക്കും.
ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ
ചിലർക്ക് പനിയും ജലദോഷവും അനുഭവപ്പെടാം. കണ്ണിനു ചുവപ്പ്, വേദന, ചൊറിച്ചിൽ, പഴുപ്പടിഞ്ഞു പീളകെട്ടുക, വെള്ളമൊഴുകുക, കൺപോളകൾ വിങ്ങിവീർക്കുക തുടങ്ങിയവയാണു ലക്ഷണങ്ങൾ.
ചെങ്കണ്ണു ബാധിച്ചാൽ ചിലപ്പോൾ രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണുകൾ തുറക്കാൻ പറ്റാത്ത അവസ്ഥയും വന്നുചേരും.
ചെങ്കണ്ണ് സ്ഥിരീകരിച്ചാൽ ചികിത്സ തേടണം, വീട്ടിൽത്തന്നെ വിശ്രമിക്കണം.
ചെങ്കണ്ണ് തടയാം
രോഗബാധിതർ ഉപയോഗിക്കുന്ന തുണികൾ, തോർത്ത്, തൂവാല മുതലായ വസ്തുക്കൾ ഉപയോഗിക്കരുത്.
ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്ന് ഉപയോഗിക്കാവൂ.
മൂന്ന് ദിവസത്തിൽ കൂടുതൽ കാഴ്ചക്കുറവ് അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ കാണേണ്ടതാണ്.
രോഗം വന്നവരുമായി അടുത്തിടപഴകാതിരിക്കാൻ ശ്രദ്ധിക്കണം.തണുത്ത ശുദ്ധജലം ഉപയോഗിച്ച് ഇടക്കിടക്ക് കണ്ണുകൾ കഴുകുന്നത് നല്ലതാണ്.കൈകൾ സോപ്പിട്ട് കഴുകുകയും കണ്ണിൽ തൊടാതിരിക്കുകയും ചെയ്യണം. കൈകളിലൂടെയാണ് പലപ്പോഴും രോഗാണു പകരുന്നത്.
ഡോ. ലയ സാറ ജോർജ് , കാഴ്ച ഐ ഹോസ്പിറ്റൽ, പട്ടിമറ്റം
കണ്ണിന്റെ പുറത്തെ പാളിയായ കൺജങ്ക്റ്റൈവ എന്ന കോശ ഭിത്തിയിൽ വൈറസ് , ബാക്ടിരിയയോ മറ്റു വസ്തുക്കളോ മൂലമോ വരാം. തൽഫലമായി ഈ ഭാഗത്തേയ്ക്ക് കൂടുതൽ രക്തപ്രവാഹം ഉണ്ടാകുകയും അതു മൂലം കണ്ണ് ചുവന്നു കാണപ്പെടുകയും ചെയ്യുന്നു.