കൊച്ചി: കേരള സ്പോർട്സ് കൗൺസിൽ അംഗീകാരത്തോടെ ബോഡി ബിൽഡിംഗ് അസോസിയേഷൻ ഒഫ് കേരളയും എറണാകുളം ജില്ലാ അസോസിയേഷനും ചേർന്ന് 2019-2020 സീനിയർ മിസ്റ്റർ കേരള ശരീരസൗന്ദര്യ മത്സരം നടത്തും. മാർച്ച് 1ന് എറണാകുളം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം. സീനിയർ മിസ്റ്റർ കേരള ശരീരസൗന്ദര്യമത്സരം, മെൻ ഫിസിക് സ്പോർട്സ്, വുമൺ ഫിസിക് സ്പോർട്സ് എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം. ഭാരനിർണയം രാവിലെ 8 മുതൽ 11 വരെ സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് 5ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും.14 ജില്ലകളിൽ നിന്നായി ഇരുനൂറോളംപേർ പങ്കെടുക്കും. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.

ബോഡി ബിൽഡിംഗ് അസോസിയേഷൻ ഒഫ് കേരള പ്രസിഡന്റ് കെ. ആനന്ദൻ, ജനറൽ സെക്രട്ടറി ടി.വി. പോളി, ട്രഷറർ വി.എം. ബഷീർ, എറണാകുളം ജില്ലാ പ്രസിഡന്റ് ജെറി ജോസഫ്, ജില്ലാ സെക്രട്ടറി സേവിയർ ജോസഫ്, 2019ലെ മിസ്റ്റർ വേൾഡ് ചാമ്പ്യൻ ചിത്തരേശ് നടേശൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.