വൈപ്പിൻ: കുഴുപ്പിള്ളി പള്ളത്താംകുളങ്ങരെ താലപ്പൊലി മഹോത്സവത്തിൽ ഇരുചേരുവാരങ്ങളും മികച്ച മേളക്കാരെ അണിനിരത്തി മേളക്കൊഴുപ്പോടെ എഴുന്നള്ളിപ്പ് നടത്തി. ഇന്നലെ രാവിലെ താലപ്പൊലിക്ക് തുടക്കം കുറിച്ച് അഞ്ച് ആനകളെ എഴുന്നള്ളിച്ച ശീവേലിക്ക് പെരുവനം കുട്ടൻമാരാർ പഞ്ചാരിമേളത്തിന് പ്രാമാണിത്വം നൽകി.
ഉച്ചകഴിഞ്ഞ് തെക്കേ ചേരുവാരം ദേവസ്വം ബോർഡ് വക ശിവക്ഷേത്രത്തിനു മുന്നിൽ നിന്ന് പകൽപ്പൂരം ആരംഭിച്ചു. ഒളരിക്കര കാളിദാസൻ, പല്ലാട്ട് ബ്രഹ്മദത്തൻ, പാറമേക്കാവ് ശ്രീപത്മനാഭൻ, നന്ദിലത്ത് ഗോപാലകൃഷ്ണൻ, ഊക്കൻകുഞ്ചു, വൈലാശേരി അർജുനൻ, വരടിയം ജയറാം, ബാസ്റ്റ്യൻ വിനയശങ്കർ, വേമ്പനാട് അർജുനൻ, ഓമല്ലൂർ ഗോവിന്ദൻകുട്ടി എന്നീ ഗജവീരൻമാർ അണിനിരന്നു. മേളത്തിന് കലാമണ്ഡലം ദേവരാജൻ പ്രാമാണികനായി.
ഭഗവതിയുടെ തിടമ്പുമായി വടക്കേചേരുവാരം ക്ഷേത്രനടയിൽ നിന്ന് പൂരത്തിന് തുടക്കം കുറിച്ചു. നായരമ്പലം രാജശേഖരൻ, തിരുവേഗപ്പുറം പത്മനാഭൻ, മാവേലിക്കര ഗണപതി, അക്കിക്കാവ് കാർത്തികേയൻ, അന്നമനട ഉമാ മഹേശ്വരൻ, കുട്ടൻകുളങ്ങര അർജുനനൻ, കിരൺ ഗണപതി, പനയന്നാർകാവ് കാളിദാസൻ, കുന്നംകുളം ഗണേശൻ എന്നീ ഗജവീരൻമാർ വടക്കേചേരുവാരത്തിൽ നിരന്നത്. പെരുവനം കുട്ടൻമാരാരുടെ പ്രമാണിത്തത്തിൽ പഞ്ചാരിയും പാണ്ടിയും പൊടിപൊടിച്ചു.
അർദ്ധരാത്രിക്കു ശേഷം വടക്കേചേരുവാരത്തിന്റെ രാത്രിപ്പൂരം ബാലകൃഷ്ണ ക്ഷേത്രനടയിൽ നിന്ന് തെക്കേ ചേരുവാരത്തിന്റേത് ശിവക്ഷേത്രനടയിൽ നിന്നും തുടങ്ങി യഥാക്രമം വടക്കേനടയിലൂടെയും തെക്കേനടയിലൂടെയും എഴുന്നള്ളി പടിഞ്ഞാറുവശത്ത് ഇരു ഭാഗങ്ങളിലുമുള്ള ആനപ്പന്തലിൽ അണിനിരന്നശേഷം ഇരു പൂരങ്ങളും ക്ഷേത്രമൈതാനത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് ഒരുമിച്ച് കൂട്ടിയെഴുന്നള്ളിപ്പ് നടത്തി. തുടർന്ന് കുഴൽപറ്റ്, കൊമ്പ് പറ്റ് എന്നിവയും നടത്തി.
രാത്രി പൂരത്തിന് സമാപനം കുറിച്ചുകൊണ്ട് മേൽശാന്തി താലവുമായി ക്ഷേത്രത്തിൽ നിന്നെത്തി എഴുന്നള്ളി നിൽക്കുന്ന ഭഗവതിയെ ആരതിഉഴിഞ്ഞ് വായ്ക്കുരവ, ആർപ്പുവിളി, ആലവട്ടം, വെൺചാമരം, മുത്തുക്കുട എന്നിവയോടെ സ്വീകരിച്ച് ശ്രീകോവിലിലേക്ക് ആനയിച്ചു.
ഇന്ന് തെക്കേചേരുവാരം വേല, വയലിൻ കച്ചേരി, ഡാൻസ്, താലം വരവ്, നാളെ വടക്കേചേരുവാരം വേല, സംഗീതാർച്ചന, താലം വരവ്, ശനിയാഴ്ച ചൂട്ടുപടയണി, വൈകിട്ട് 6ന് തൂക്കം എന്നിവ നടക്കും.