കൊച്ചി: ആരോഗ്യ സേവനരംഗത്തെ പ്രമുഖരായ ആസ്റ്റർ മെഡ്‌സിറ്റി സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടു കൂടി പുതുക്കിയ ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയിൽ പങ്കാളിയാവുന്നു. ഇതിന്റെ ഭാഗമായി ക്ഷയരോഗനിവാരണത്തിനുള്ള സ്റ്റെപ്‌സ് സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 29ന് ആസ്റ്റർ മെഡ്‌സിറ്റിയിൽ നടക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ജില്ലാ കളക്ടർ എസ്. സുഹാസ്, ലോകാരോഗ്യ സംഘടനാ ഭാരവാഹികളായ ഡോ. ഷിബു ബാലകൃഷ്ണൻ, ഡോ. രാകേഷ് പി.എസ്, സംസ്ഥാന ടിബി ഓഫീസർ ഡോ. എം. സുനിൽകുമാർ, ജില്ലാ ടിബി ഓഫീസർ ഡോ. ശരത് ജി. റാവു, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പെള്ളി തുടങ്ങിയവർ പങ്കെടുക്കും. ക്ഷയരോഗനിർണയവും ചികിത്സയും സർക്കാർ ആശുപത്രികളിൽ സൗജന്യമാണെങ്കിലും മൂന്നിലൊന്ന് ആളുകളും ആശ്രയിക്കുന്നത് സ്വകാര്യാശുപത്രികളെയും ഡോക്ടർമാരെയുമാണ്. ഈ സാഹചര്യത്തിലാണ് ക്ഷയരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി സ്വകാര്യാശുപത്രികളിൽ സ്റ്റെപ്സ് (സിസ്റ്റം ഫോർ ടിബി എലിമിനേഷൻ ഇൻ പ്രൈവറ്റ് സെക്ടർ) സെന്റർ ആരംഭിക്കാനുള്ള ആശയം സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ചത്. സ്റ്റെപ്‌സ് സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ ശ്വാസകോശ രോഗനിർണയ ക്യാമ്പും ആശുപത്രിയിൽ സംഘടിപ്പിക്കും. ക്യാമ്പിൽ ആസ്റ്റർ മെഡ്‌സിറ്റിയിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം രോഗികൾക്ക് ലഭ്യമാക്കും. ആസ്റ്റർ മെഡ്‌സിറ്റി സി.ഇ.ഒ കമാൻഡർ ജെൽസൺ കവലക്കാട്, കൺസൾട്ടന്റ് പൾമണോളജിസ്റ്റുമാരായ ഡോ. പ്രവീൺ വൽസൻ, ഡോ. എലിസബത്ത് സുനില, ജില്ലാ ടിബി ഓഫീസർ ഡോ. ശരത് ജി. റാവു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.