അങ്കമാലി: അങ്കമാലി - മഞ്ഞപ്ര റോഡ്‌ നിർമ്മാണത്തിന്റെ ഭാഗമായി റോഡിനിരുവശമുള്ള വീടുകളിലും കച്ചവട കേന്ദ്രങ്ങളിലും പൊടിശല്യം രൂക്ഷമായതിനെതുടർന്ന് ഉതുപ്പുകവലയിൽ സി.പി.എം നേതൃത്വത്തിൽ വീണ്ടും ഭാരവാഹനങ്ങൾ തടഞ്ഞു. കഴിഞ്ഞ ദിവസം എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും പൊതു പ്രവർത്തകരുടെയും യോഗത്തിൽ റോഡ് നിർമ്മാണം പൂർത്തിയാക്കുംവരെ പകൽ സമയങ്ങളിൽ ഭാരവാഹനങ്ങളുടെ യാത്ര നിരോധിക്കാനും,നിർമ്മാണം നടക്കുന്ന ഘട്ടത്തിൽ ഇടവിട്ട് വെള്ളമൊഴിച്ച് നനക്കുവാനും തീരുമാനിച്ചിരുന്നു. അധികൃതരുടെ അനാസ്ഥമൂലം ഭാരവാഹനങ്ങൾ വീണ്ടും ഓടിച്ചതിൽ പ്രതിഷേധിച്ചായിരുന്നു തടയൽ.

അങ്കമാലി സർക്കിൾ ഇൻസ്‌പെക്ടർ സ്ഥലത്തെത്തി വാഹന ഉടമകളുടെയും കോൺട്രാക്ടറുടെയും പ്രതിനിധികളെ വിളിച്ചുവരുത്തി സർവകക്ഷി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ അടിയന്തരമായി നടപ്പാക്കാമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു
സമരത്തിന് സി. പി. എം ലോക്കൽ സെക്രട്ടറി കെ.പി. രാജൻ, ബ്രാഞ്ച് സെക്രട്ടറിമാരായ കെ.കെ.ശിവൻ, സുഗതൻ കുന്നുംപുറം, വാർഡ് മെമ്പർ ലത ശിവൻ തുടങ്ങിയവർ നേതൃത്വം നൽകി.