കൊച്ചി: മൂവാ​റ്റുപുഴയിൽ കാഞ്ഞാർ സ്വദേശിനിയായ ക്രിസ്ത്യൻ യുവതിയെ സ്‌നേഹം നടിച്ച് പീഡിപ്പിച്ച് മതം മാ​റ്റാൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ മൂവാ​റ്റുപുഴ പേഴയ്ക്കാപ്പിള്ളി

കുളക്കാടൻ കുടിയിൽ വീട്ടിൽ കെ.എം അലിയെ റിമാൻഡ് ചെയ്തു.

ഇയാൾ പിടിയിലായ വിവരമറിഞ്ഞ് വിമാന ടിക്കറ്റ് തട്ടിപ്പിനിരയായ നിരവധി പേർ മൂവാറ്റുപുഴ പാെലീസുമായി ബന്ധപ്പെട്ടിരുന്നു. കോട്ടയം സ്വദേശികളാണ് തട്ടിപ്പിനിരയായതിലധികവും. ടിക്കറ്റെടുത്തു നല്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം കൈക്കലാക്കിയ ശേഷം മുങ്ങുകയായിരുന്നു രീതി.

നേരത്തെ മൂവാറ്റുപുഴയിലെ സ്ഥാപനത്തിൽ ജോലി ചെയ്ത യുവതിയെ വിവാഹം കഴിപ്പിച്ചതായും ഇയാൾ പൊലീസിനു മൊഴി നല്കിയിട്ടുണ്ട്. മതം മാറ്റിയായിരുന്നില്ല വിവാഹമെന്നാണ് മൊഴിയെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. ഈ യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കുറുവിലങ്ങാട് സ്വദേശിയായ മറ്റൊരു യുവതിയെ മത പരിവർത്തനം ചെയ്യാൻ ശ്രമിച്ച സംഭവവും അന്വേഷിക്കുന്നുണ്ട്. പത്ത് വർഷം മുമ്പ് മറ്റൊരു യുവതിയെ കൈയ്യേറ്റം ചെയ്തതിനും ഇയാൾക്കെതിരെ കേസുണ്ട്. ഇതിനും മത പരിവർത്തന ശ്രമമുണ്ടായോ എന്നും പരിശോധിക്കും.

കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. വിദേശത്തായിരുന്ന ഇയാൾ അഞ്ച് വർഷം മുമ്പാണ് മൂവാ​റ്റുപുഴയിലെത്തി ഓഫീസ് തുറന്നത്.

സാമ്പത്തികമായി കഷ്ടപ്പെടുന്ന യുവതികളെ കണ്ടെത്തി നിയമിക്കുകയാണ് രീതി. സാമ്പത്തികമായി സഹായിച്ച് വീട്ടുകാരെയടക്കം കൈയിലെടുത്താണ് മതം മാ​റ്റത്തിനുള്ള ശ്രമങ്ങൾ നടന്നിരുന്നതത്രെ. പരാതിക്കാരിയായ യുവതിക്കും മതം മാറിയെത്തിയാൽ നല്ല വിവാഹജീവിതം വാഗ്ദാനം നൽകിയിരുന്നു.

കഴിഞ്ഞ ഏപ്രിലിലാണ് ടൂർ ഏജൻസിയിൽ യുവതി ജോലിക്കെത്തിയത്. ആദ്യം മൂവാ​റ്റുപുഴയിലായിരുന്നു ജോലി. പിന്നീട് കുറുവിലങ്ങാട്ടേയ്ക്ക് മാ​റ്റി. ഭീഷണിയെ തുടർന്ന് ജോലി മതിയാക്കി പോയതോടെ വീട്ടിലെത്തിയും പ്രശ്നമുണ്ടാക്കി. തുടർന്നാണ് യുവതി കാഞ്ഞാർ പൊലീസിൽ പരാതി നല്കിയത്. കാഞ്ഞാർ പൊലീസ് മൂവാറ്റുപുഴ പൊലീസിനു കൈമാറിയ കേസിലാണ് അറസ്റ്റ് .