v

കൊച്ചി: അഫിലിയേഷൻ ലഭിക്കാത്തതിനാൽ തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർ സ്കൂളിലെ 29 വിദ്യാർഥികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാത്ത കേസിൽ സി.ബി.എസ്.ഇ തിരുവനന്തപുരം റീജണൽ ഓഫീസർ ഇന്നു രാവിലെ 10.15 നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടു.

കേസിൽ സംസ്ഥാന സർക്കാരിനെ കക്ഷി ചേർത്തു. അരൂജാസ് സ്‌കൂൾ അധികൃതർ നൽകിയ ഹർജിയിലാണ് ഉത്തരവ്. സ്കൂളിന് അംഗീകാരമില്ലെന്ന് സി.ബി.എസ്.ഇ നൽകിയ കത്ത് സി.ബി.എസ്.ഇയും ഹർജിക്കാരും ഇന്നലെ രാവിലെ ഹാജരാക്കി. രേഖകൾ കോടതി പരിശോധിച്ചു. മുഴുവൻ രേഖകളും ഹാജരാക്കാൻ നിർദ്ദേശിച്ച് കോടതി ഉച്ചയ്ക്ക് ശേഷം ഹർജി പരിഗണിക്കാൻ മാറ്റി.
ഉച്ചയ്ക്ക് കേസ് പരിഗണിച്ചപ്പോൾ കഴിഞ്ഞ വർഷം ഒമ്പതാം ക്ലാസ് പരീക്ഷ എഴുതാനും ഇത്തവണ മറ്റൊരു സ്കൂളിൽ പരീക്ഷയ്ക്ക് ഇരുത്താനും സി.ബി.എസ്.ഇ നൽകിയ അനുമതി കോടതി പരിശോധിച്ചു. റീജണൽ ഓഫീസിൽ നിന്നും ഡൽഹി ഓഫീസിൽ നിന്നും പരസ്പര വിരുദ്ധ തീരുമാനമുണ്ടായതായി സംശയം പ്രകടിപ്പിച്ചു. തുടർന്നാണ് റീജണൽ ഓഫീസറോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്. ആവശ്യമെങ്കിൽ ഡയറക്ടറേയും വിളിച്ചു വരുത്തുമെന്നും കോടതി പറഞ്ഞു.

അംഗീകാരമില്ലാത്ത സ്‌കൂളുകൾക്ക് സംസ്ഥാന സിലബസ് പ്രകാരം പത്താം ക്ലാസ് പരീക്ഷ എഴുതാൻ അനുമതി നൽകിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് കക്ഷികളൊലൊരാൾ ഹാജരാക്കി. ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാവുമോയെന്ന് ആരായാനാണ് സർക്കാറിനെയും കക്ഷി ചേർത്തത്.