മൂവാറ്റുപുഴ:തിരുവിതാംകൂർ ദേവസ്വം ബോർഡ് തൃക്കാരിയൂർ ഗ്രൂപ്പിലെ രാമംഗലം സബ് ഗ്രൂപ്പ് ഓഫീസറായിരുന്ന എ.എൻ.രഘു കുമാറിന് ഏഴര വർഷം കഠിന തടവും 1,20,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ്. തടവ് അനുഭവിച്ചില്ലെങ്കിൽ 5മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. രാമംഗലം സബ് ഗ്രൂപ്പിന് കീഴിലെ വിവിധ ക്ഷേത്രങ്ങളിൽ ശാന്തിക്കാരനായിരുന്ന മൂവാറ്റുപുഴ തെക്കേ മാറാടി ഇടമന ഇല്ലം പി.എൻ.കേശവൻ ഇളയത് നൽകിയ പരാതിയിലാണ് ഉത്തരവ്. ശമ്പള കുടിശിക ഇനത്തിൽ തൃക്കാരിയൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫിസിൽ നിന്നും ലഭിച്ച 22,741 രൂപ ചെക്ക് മുഖേന മാറിയെടുത്തെങ്കിലും നൽകിയില്ലെന്നായിരുന്നു പരാതി. രഘു കുമാർ വ്യാജ രേഖ ചമച്ച് പണം തിരിമറി നടത്തിയെന്നും ഔദ്യോഗിക പദവി ദുർ വിനിയോഗം ചെയ്തുവെന്നും കാണിച്ച് 2003ലാണ് കേശവൻ ഇളയത് തൃശൂർ വിജിലൻസ് കോടതിയിൽ പരാതി നൽകിയത്. കോടതി എറണാകുളം വിജിലൻസ് ഡി.വൈ.എസ്.പിയോട് കേസെടുത്ത് അന്വേഷണം നടത്തുന്നതിന് ഉത്തരവായിരുന്നു. തുടർന്ന് പി.യു.ജോസഫ്, സി.എസ്.മജീദ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. വിചാരണ നടപടി തുടങ്ങുന്നതിനു മുമ്പേ പരാതിക്കാരനായ കേശവൻ ഇളയത് മരണപ്പെട്ടിരുന്നു.