കൊച്ചി: സംസ്ഥാനത്തെ കോളേജുകളിലും സ്‌കൂളുകളിലും വിദ്യാർത്ഥി സംഘടനകൾ സമരവും ധർണയും പ്രകടനവും ഘെരാവോയും നടത്തുന്നത് നിരോധിച്ച് ഹൈക്കോടതി ഉത്തരവ്.
പഠിക്കാനുള്ള വിദ്യാർത്ഥികളുടെയും സ്ഥാപന നടത്തിപ്പിനുള്ള മാനേജ്മെന്റിന്റെയും മൗലികാവകാശങ്ങൾ ലംഘിക്കാൻ സംഘടനകൾക്ക് അവകാശമില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യം ഉറപ്പാക്കാൻ പൊലീസ് നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.
വിദ്യാർത്ഥി രാഷ്ട്രീയം പഠനത്തെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ , പഠനത്തെ ബാധിക്കുന്ന പ്രവർത്തനങ്ങളില്ലെന്നും ആരെയും നിർബന്ധിച്ച് ക്ലാസിൽ നിന്നും കാമ്പസിൽ നിന്നും സമരത്തിന് ഇറക്കുന്നില്ലെന്നും ഉറപ്പാക്കേണ്ട ഉത്തരവാദിത്വം പൊലീസിനുണ്ട്. സ്ഥാപന മേധാവികൾ വാക്കാലോ രേഖാമൂലമോ ആവശ്യപ്പെട്ടാൽ കാമ്പസുകൾക്ക് പൊലീസ് സംരക്ഷണം നൽകണം. മാനേജുമെന്റുകളും രക്ഷാകർതൃ സംഘനകളും സമർപ്പിച്ച 26 ഹർജികൾ തീർപ്പാക്കിയാണ് വിധി.വിദ്യാലയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനവും സമരങ്ങളും തടയാൻ മുമ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കപ്പെടുന്നില്ല. താല്പര്യമില്ലാത്തവരെ സമരത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കുക, സമരവും ധർണയും ഘെരാവോയും പ്രകടനവും മറ്റും തീരുമാനിക്കാൻ വിദ്യാർത്ഥി സംഘടനകൾ യോഗം വിളിക്കുക, സ്‌കൂൾ വളപ്പിൽ പൊലീസിന് എത്രത്തോളം ഇടപെടാം തുടങ്ങിയ കാര്യങ്ങളിൽ പരിഹാരമുണ്ടാവണമെന്ന് കോടതി പറഞ്ഞു.
മൗലികാവകാശങ്ങൾ
ലംഘിക്കപ്പെടരുത്
മൗലികാവകാശമായ വിദ്യാഭ്യാസം തടയുന്നതെന്തും ഭരണഘടന വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. .പഠനം തടസപ്പെടുത്തുന്നത് വിദ്യാഭ്യാസ അവകാശലംഘനവുമാണ്. സ്ഥാപനത്തിന്റെ പ്രവർത്തനം തടസപ്പെടുത്തുന്നത് സ്‌കൂൾ മാനേജുമെന്റിന്റെയും മൗലികാവകാശങ്ങളുടെ ലംഘനമാണ്. പഠനം തടസപ്പെടുത്താൻ സംഘടനകൾക്ക് അവകാശവുമില്ല.
വിദ്യാർത്ഥി സംഘടനകൾ സമരങ്ങൾ നടത്തുമ്പോൾ പുറത്തു നിന്ന് രാഷ്ട്രീയ സംഘടനകളുടെ പിന്തുണ ലഭിക്കുന്നുണ്ട്. വിവിധ സംഘടനകളാണ് കാമ്പസിൽ സംഘർഷം സൃഷ്ടിക്കുന്നത്. കാമ്പസിൽ നിന്ന് മാരകായുധങ്ങൾ പിടിച്ചെടുത്ത സംഭവങ്ങളുണ്ട്. സംഘടനകളുടെ വൈരം കൊലപാതകത്തിൽ കലാശിച്ചിട്ടുണ്ട്. സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചിടേണ്ടി വന്നിട്ടുണ്ട്. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളാണ് സംഘടനാ പ്രവർത്തനത്തിന്റെ ദുരിതം അനുഭവിക്കുന്നത്.
സമരം തീരുമാനിക്കാൻ വിദ്യാലയങ്ങളിൽ സംഘടനകൾക്ക് യോഗം ചേരാൻ അവകാശമില്ല. വിദ്യാർത്ഥികൾ ക്രിമിനൽ പ്രവർത്തനം നടത്തിയാൽ മറ്റേത് കുറ്റവാളിയോടും പെരുമാറുന്നതുപോലെ പൊലീസ് നടപടി സ്വീകരിക്കണം. ആവശ്യമെങ്കിൽ കാമ്പസിനകത്ത് പൊലീസിന് അനുമതിയില്ലാതെ കയറാനും ഉത്തരവുണ്ട്. സമരവും മറ്റും നിരോധിക്കാൻ മാനേജുമെന്റുകൾക്ക് അവകാശം നൽകിയ ഉത്തരവും നിലവിലുണ്ട്.
രാഷ്ട്രീയ അഭിപ്രായം
പറയാം;പ്രതിഷേധിക്കാം
വിദ്യാർത്ഥികൾക്ക് രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിന് തടസമില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ നിലപാടുകളും പരാതികളും അവതരിപ്പിക്കാൻ ഫോറങ്ങൾ കണ്ടെത്തുന്നതിനും വിധി തടസമല്ല. വിദ്യാർത്ഥികൾക്ക് അഭിപ്രായ സ്വാതന്ത്ര്യവും സംഘടിക്കാനും സംഘടന രൂപീകരിക്കാനും സ്വാതന്ത്ര്യവുമുണ്ട്.പ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രതിഷേധിക്കാം. പ്രതിഷേധിക്കുമ്പോൾ ഇരയാക്കപ്പെടാതിരിക്കാനും വിദ്യാർത്ഥികൾക്ക് അവകാശമുണ്ട്. സംവാദം, ചർച്ച എന്നിവയിലൂടെ പ്രതിഷേധിക്കാം. ജനാധിപത്യ സമൂഹത്തിന്റെ വികസനത്തിന് ഇവ ആവശ്യമാണ്.
ഇത്തരം അവകാശങ്ങളിൽ ഉൾപ്പെടാത്തതാണ് സമരവും ധർണയും പ്രകടനവും ഘൊരാവോയും.
രേഖാമൂലമോ അല്ലാതെയോ ആവശ്യപ്പെട്ടാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിന് പൊലീസ് സംരക്ഷണം നൽകുന്നതിന് പൊലീസ് ഓഫീസർമാർക്ക് നിർദേശം നൽകാൻ കോടതി ഡി.ജി.പിയോട് നിർദ്ദേശിച്ചു. കോളേജിയറ്റ്, ഹയർ സെക്കൻഡറി, പൊതുവിദ്യാഭ്യാസ ഡയറക്ടർമാർക്കും സർവകലാശാല രജിസ്ട്രാർമാർക്കും ഉത്തരവ് കൈമാറാനും നിർദ്ദേശിച്ചു.