 ഇന്ന് എ.ഡി.എമ്മിന്റെ മൊഴിയെടുക്കും

തൃക്കാക്കര:പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തിരിമറി നടത്തിയതിന് സസ്പെൻഷനിലായ കളക്ടറേറ്റ് സെക്ഷൻ ക്ലാർക്ക് വിഷ്ണുപ്രസാദിനെതിരെയും സി.പി.എം ലോക്കൽ കമ്മറ്റി അംഗം എം.എം അൻവനെതിരെയും തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

പ്രളയ ഫണ്ട് തന്റെ അടുപ്പക്കാരുടെയും അവരുടെ പരിചയക്കാരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചെന്ന എ.ഡി.എമ്മിന്റെ പരാതിയെ തുടർന്നാണ് കേസ്. തൃക്കാക്കര സി.ഐ ഷാബുവിനാണ് അന്വേഷണചുമതല.

തെളിവുകൾ നശിപ്പിക്കാൻ കമ്പ്യൂട്ടറിൽ പ്രത്യേകം ക്രമീകരണം നടത്തിയായിരുന്നു തട്ടിപ്പ്. ദുരിതബാധിതർക്കുള്ള ധനസഹായം ഇരട്ടിയായി അർഹതപ്പെട്ടവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും കമ്പ്യൂട്ടർ പിഴവ് ചൂണ്ടിക്കാട്ടി അധികമായി നിക്ഷേപിച്ച തുക ബാങ്ക് അധികൃതർ മുഖേന തിരികെ ഈടാക്കിയുമായിരുന്നു തട്ടിപ്പ്.

ധനസഹായത്തിന് അപേക്ഷ പോലും നൽകാത്ത സി.പി.എം.ലോക്കൽ കമ്മറ്റി അംഗത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച 10,54,000 രൂപ സംബന്ധിച്ച സംശയമാണ് വിഷ്ണുപ്രസാദിനെ കുടുക്കിയത്.

2020 ജനുവരി 24 നാണ് അവസാന ഗഡുവായി രണ്ടു ലക്ഷത്തിലേറെ രുപ അൻവറിന്റെ അക്കൗണ്ടിൽ എത്തിയത്. സർക്കിൾ ഇൻസ്പെക്ടർ ഷാബുവിനാണ് അന്വേഷണ ചുമതല.

# തട്ടിപ്പ് നടത്തിയത് മുൻകളക്ടറെ കബളിപ്പിച്ച്

വിഷ്ണു പ്രസാദും സംഘവും പ്രളയ ദുരിതാശ്വാസ ഫണ്ട് തിരിമറി നടത്തിയത് മുൻ ജില്ലാ കളക്ടർ മുഹമ്മദ് വി.സഫറുള്ളയുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷമെന്ന് സൂചന. ജൂനിയർ സൂപ്രണ്ടും,ഡെപ്യൂട്ടി കളക്ടറും പരിശോധിച്ച ശേഷമാണ് പണം അർഹരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നത്. എന്നാൽ ഇതൊഴിവാക്കി തുക കൈമാറുന്നതിന്റെ പൂർണ ചുമതല ദുരന്തനിവാരണ വിഭാഗം സെക്ഷൻ ക്ലാർക്ക് വിഷ്ണു പ്രസാദുൾപ്പെട്ട സംഘത്തിന് നൽകുകയായിരുന്നു.

എട്ടുകോടിരൂപ അനർഹരുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിയതായി നേരത്തേ കണ്ടെത്തിയെങ്കിലും ബാങ്കുകാരുടെ സഹായത്തോടെ ആറേമുക്കാൽ കോടി രൂപ തിരിച്ചുപിടിച്ചു. ഇനിയും ഒന്നരക്കോടിരൂപയോളം തിരികെ ലഭിക്കാനുണ്ട്. ഗുരുതരമായ തെറ്റ് സംഭവിച്ചിട്ടും ഇവർക്കെതിരെ നടപടി ഉണ്ടായില്ല. ഇതിന്റെ പേരിൽ മുൻകളക്ടറർക്കെതിരെയും അന്വേഷണം നടക്കാൻ സാധ്യതയുണ്ട്.