തൊടുപുഴ: മഹാത്മഗാന്ധി സർവകലാശാലാ കലോത്സവം 'ആർട്ടിക്കിൾ- 14" ഇന്ന് മുതൽ തൊടുപുഴ അൽ- അസ്ഹർ കോളേജിലെ അഭിമന്യു നഗറിൽ ആരംഭിക്കും. മാർച്ച് രണ്ട് വരെ നടക്കുന്ന കലോത്സവത്തിൽ 192 കോളേജുകളിൽ നിന്നായി പതിമൂവായിരത്തോളം മത്സരാർത്ഥികൾ മാറ്റുരയ്ക്കും. എട്ടു വേദികളിൽ 60 ഇനങ്ങളിലാണ് മത്സരം. ഇതാദ്യമായി ട്രാൻസ്ജെൻഡേഴ്‌സും കലോത്സവത്തിൽ പങ്കെടുക്കും. ഇവർ ഭരതനാട്യം, ലളിതസംഗീതം, ശാസ്ത്രീയസംഗീതം, ഇംഗ്ലീഷ് കവിതാരചന എന്നിവയിലാണ് മത്സരിക്കുക. ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ എറണാകുളം മഹാരാജാസ് കോളജിൽ നിന്നാണ്. ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ പേരിലാണ് മുഖ്യവേദി. വേദി രണ്ട് ദാക്ഷായണി വേലായുധൻ നഗർ, വേദി മൂന്ന് ഫക്രുദീൻ അലി നഗർ, വേദി നാല് സനാവുള്ള ഖാൻ നഗർ, വേദി അഞ്ച് ജെ.എൻ.യു. നഗർ, വേദി ആറ് ഗൗരി ലങ്കേഷ് നഗർ, വേദി ഏഴ് ഫാത്തിമ ലത്തീഫ് നഗർ, വേദി എട്ട്സൈമൺ ബ്രിട്ടോ നഗർ എന്നിങ്ങനെയാണ് മറ്റു പേരുകൾ. ഇന്ന് വൈകിട്ട് 3.30ന് മുഖ്യവേദിയിൽ മന്ത്രി കെ.ടി. ജലീൽ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടന ശേഷം ഈ വേദിയിൽ തിരുവാതിരകളി മത്സരം ആരംഭിക്കും. രണ്ടാം വേദിയിൽ മൈം, മൂന്നാം വേദിയിൽ ഭരതനാട്യവും (ആൺ) അരങ്ങേറും.