കൊച്ചി: പത്ത് ദിവസത്തിനകം അനധികൃത ബോർഡുകൾ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നീക്കാൻ കർശന നടപടി പൊലീസ് സ്വീകരിച്ചില്ലെങ്കിൽ ഡി.ജി.പിയെ വിളിച്ചുവരുത്തേണ്ടിവരുമെന്ന് സിംഗിൾ ബെഞ്ച് വാക്കാൽ മുന്നറിയിപ്പ് നൽകി.
നിയമ ലംഘകരിൽ നിന്ന് ഭൂസംരക്ഷണ നിയമ പ്രകാരം ഉയർന്ന പിഴ ഈടാക്കണം. അനധികൃത ബോർഡുകൾ സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
അനധികൃത ബോർഡുകൾക്കെതിരെ ഡി.ജി.പിയുടെ ഉത്തരവ് പൊലീസുകാർ പോലും പാലിക്കുന്നില്ല. ഇവ സ്ഥാപിക്കുന്നവർക്കെതിരെ കേസെടുക്കണമെന്ന ഡി.ജി.പിയുടെ സർക്കുലറും അനധികൃത ബോർഡുകൾ നീക്കണമെന്ന റോഡ് സുരക്ഷാ കമ്മിഷണറുടെ ഉത്തരവും കർശനമായി നടപ്പാക്കണം.
സർക്കുലർ നടപ്പാക്കാനുള്ള നട്ടെല്ലും ഡി.ജി.പിക്കുണ്ടാകണമെന്ന് വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. നടപ്പാക്കാനായില്ലെങ്കിൽ സർക്കുലർ ഇറക്കിയിട്ട് കാര്യമില്ല. സർക്കുലറിൽ വ്യക്തതയില്ല. കോടതി പറഞ്ഞതു പോലെ ചെയ്യാനാണ് നിർദേശം.
ഭൂസംരക്ഷണ നിയമം ബാധകമാക്കാനാവില്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല. പൊതുസ്ഥലം കൈയേറുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്ന വ്യവസ്ഥ പ്രകാരം അനധികൃത ബോർഡുകൾക്കെതിരെയും നടപടി സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി.