കൊച്ചി: പ്രഭാതസവാരിക്കിറങ്ങിയ യുവാവ് കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചു. മുളവുകാട് കൈതക്കാട് വീട്ടിൽ സാലിയുടെ മകൻ അഫ്‌സൽ കെ.സാലിയാണ് (23) മരിച്ചത്. ബുധനാഴ്ച രാവിലെ 6.30ന് മുളവുകാട് നോർത്തിലാണ് സംഭവം. മറൈൻഡ്രൈവ് വാക്ക്‌വേ പാർക്കിംഗ് കേന്ദ്രത്തിലെ ജീവനക്കാരനാണ്. പ്രഭാതസവാരിക്ക് വീട്ടിൽനിന്നിറങ്ങി ഒരു കിലോമീറ്ററോളം നടന്ന് കണ്ടെയ്‌നർ റോഡിൽ ഇടതുവശത്തുകൂടി പോകുമ്പോഴാണ് അപകടം. പറവൂർ ഭാഗത്തുനിന്ന് കണ്ടെയ്‌നർ റോഡ് വഴി എറണാകുളത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ലോ ഫ്‌ളോർ ബസ് അഫ്‌സലിന്റെ പിന്നിൽ തട്ടുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ബസ് മുളവുകാട് പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ മന:പ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. അമ്മ: ആരിഫ സാലി. സഹോദരൻ: അഷ്‌കർ സാലി.