വൈപ്പിൻ: ചെറായി കേന്ദ്രീകരിച്ച് ആറ് വർഷമായി കലാ-കായിക-സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന റെഡ്‌സിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോൾ ടൂർണമെന്റ് 28, 29 മാർച്ച് 1 തീയതികളിൽ ചെറായി സി.ആർ. ഗ്രൗണ്ടിൽ നടക്കും. 16 ടീമുകൾ മാറ്റുരക്കും. കൂടാതെ മികച്ച കളിക്കാരൻ മികച്ച ഗോൾകീപ്പർ, മികച്ച ഡിഫൻഡർ, മികച്ച നവപ്രതിഭ എന്നിവർക്കും സമ്മാനങ്ങൾ നൽകും.
തദ്ദേശീയരായ മുൻ ഇന്റർനാഷണൽ ഫുട്‌ബോളർ സുഗതൻ, ഫിലിം എഡിറ്റിംഗിൽ ആദ്യ സംസ്ഥാന അവാർഡ് നേടിയ സുരേഷ് ബാബു, മൂന്ന് തവണ മിസ്റ്റർ കേരളയായ മൈക്കിൾ റോക്കി എന്നിവരെ ആദരിക്കും. ടൂർണ്ണമെന്റ് 28ന് വൈകീട്ട് 6ന് എസ്. ശർമ്മ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഡോ. കെ.കെ. ജോഷി അദ്ധ്യക്ഷത വഹിക്കും.
29ന് വൈകീട്ട് 6ന് ആദരിക്കൽ ചടങ്ങിൽ സിപ്പി പള്ളിപ്പുറം, മുനമ്പം സി.ഐ.അഷ്‌റഫ്, എം.എം. പൗലോസ്, വി.എം. ജിതേഷ്, കെ.ഡി. തപൻ രാജ്, പി.എസ്. ബൈജു എന്നിവർ സംസാരിക്കും. മാർച്ച്ഒന്നിന് രാത്രി 9.30ന് സമാപനചടങ്ങിൽ എം.എൻ. ഉണ്ണികൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്യും. കെ.എസ്. സജീഷ്, ബിനോയ് കണ്ണൻ, ഷുഗിൻ ഗോപി എന്നിവർ സംസാരിക്കും.