പദ്ധതിക്ക് തുടക്കം
കൊച്ചി: സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ കാഴ്ചപരിമിതർക്കായി സ്മാർട്ട്‌ഫോണുകളും പരിശീലനവും നൽകുന്ന 'കാഴ്ച' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എസ്. ശർമ്മ എം.എൽ.എ നിർവഹിച്ചു. കാഴ്ച പരിമിതിയുള്ളവർക്കായി പ്രത്യേകം തയ്യാറാക്കിയ വിവോ വൈ 12 സ്മാർട്ട് ഫോണുകളുടെ വിതരണവും എം.എൽ.എ നിർവഹിച്ചു. ഇ സ്പീക്ക്, മണി റീഡർ, ടാപ് ടാപ് സീ, ടോക്ക് ബാക്ക് തുടങ്ങി കാഴ്ചപരിമിതർക്കായി പ്രത്യേകം തയ്യാറാക്കിയ സോഫ്‌ട് വെയറുകൾ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. 'ഹസ്തദാന' പദ്ധതിയിൽ 12 വയസുവരെ പ്രായമായ ഗുരുതര ഭിന്നശേഷിയുള്ള കുട്ടികളുടെ പേരിൽ നിക്ഷേപിച്ച സ്ഥിരനിക്ഷേപത്തിന്റെ സർട്ടിഫിക്കറ്റ് നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷിബു കൈമാറി. കേൾവി വൈകല്യമുള്ളവർക്കുള്ള ശ്രവണസഹായി വിതരണം ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ആന്റണി നിർവഹിച്ചു.
ജില്ലയിൽ സ്മാർട്ട്ഫോണുകൾ 90 പേർക്കും ശ്രവണസഹായി 50 പേർക്കും ഹസ്തദാനം സ്ഥിരനിക്ഷേപം 30 പേർക്കുമാണ് നൽകുന്നത്.
സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ. മൊയ്തീൻകുട്ടി, റീജിയണൽ ഓഫീസർ ഇൻ ചാർജ് ഉണ്ണിക്കൃഷ്ണൻ , കേരള ഫെഡറേഷൻ ഒഫ് ബ്ലൈൻഡ് സംസ്ഥാന സെക്രട്ടറി സി. സജീവ്, സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ മുൻ മാനേജിംഗ് ഡയറക്ടർ ജാക്‌സൺ പെരേര തുടങ്ങിയവർ പങ്കെടുത്തു.