കൊച്ചി: പൊന്നുവിളയിക്കാൻ മണ്ണ് വേണമെന്നില്ല. പകരം ആലുവക്കാരൻ അനസ് നാസറിന്റെ ഓർഗാന്യൂർ മതിയാകും.
എം.ബി.എക്കാരന്റെ കാർഷിക പരീക്ഷണങ്ങളുടെ ഫലമാണ് ഈ നടീൽ മിശ്രിതം.വാഴനാരും പായൽ നാരും അഗ്രോമിനറലുകളും ചകിരി ചോറും ചേർന്നാണ് ഓർഗാന്യൂർ. രണ്ടര വയസായ ഈ സ്റ്റാർട്ട് ആപ്പ് അമേരിക്ക, യൂറോപ്, ഗൾഫ് രാജ്യങ്ങൾ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ആഫ്രിക്കയിൽ സംഭവം വൻവിജയമാണെന്ന് അനസ് പറയുന്നു.
എം.ബി.എക്ക് ശേഷം അനസ് ആദ്യം കൈവച്ചത് മൾട്ടി മീഡിയ സംരംഭത്തിലാണ്. പിന്നീട് ചിരട്ടക്കരിയുടെ (ചാർക്കോൾ) വിപണനത്തിലേക്ക് തിരഞ്ഞു. ഇതിൽ നിന്നാണ് ഓരോ ഇനം ചെടിയുടെയും ആവശ്യങ്ങളും സവിശേഷതകളും കണ്ടറിഞ്ഞ് അവയ്ക്ക് അനുയോജ്യമായ നടീൽ മിശ്രിതം വികസിപ്പിച്ചെടുത്തത്. ആവശ്യമായ അസംസ്കൃത വസ്തുക്കൾ ചുറ്റുവട്ടത്ത് നിന്നും കർഷകരിൽ നിന്നുമാണ് ശേഖരിക്കുന്നത്.
ആലുവയ്ക്കടുത്തുള്ള മാറംപിള്ളിയിലാണ് അനസിന്റെ യൂണിറ്റ്. ഇൻഡോർ, ഔട്ട്ഡോർ, ബോൺസായ്, വെർട്ടിക്കൽ,ടേബിൾ ഗാർഡൻ എന്നിങ്ങനെ ഏതു രീതിക്കും ഈ മിശ്രിതം അനുയോജ്യം. ഈ മിശ്രിതം കൊണ്ട് ഉണ്ടാക്കുന്ന ബയോഡീഗ്രേഡബൾ പ്ലാന്റുകളും ഓർഗാന്യൂർ നിർമ്മിക്കുന്നുണ്ട്. വേറിട്ട ഡിസൈനിലുള്ള തടി പ്ലാറ്റുകൾക്ക് 650 രൂപ മുതലാണ് വില.
സാധാരണ ഓർഗാന്യൂറിന് ഒരു കിലോ ഗ്രാമിന് 45 രൂപയാണ്. 120 രൂപ വരുന്ന സക്ക്ലന്റ് എന്ന മറ്റൊരു ഇനത്തിന് മൂന്നിരട്ടി ഉല്പാദനശേഷിയുള്ളതായി അനസ് പറയുന്നു. നടീൽ മിശ്രിതത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിന് യൂട്യൂബ് ചാനൽ തുടങ്ങാനുള്ള ശ്രമത്തിലാണ് അനസ്.
അനസിന്റെ ഫോൺ: 088486 44650
കുറഞ്ഞ വെള്ളം മാത്രം ആവശ്യമായ ഇവയ്ക്ക് ഇരട്ടി വളർച്ചയും ഉല്പാദനശേഷിയും ഉണ്ട്. വീടുകളിലും തോട്ടങ്ങളിലും ഉപയോഗിക്കുന്നത്
പോലെ തന്നെ വലിയ രീതിയിലുള്ള കൃഷി നിലങ്ങളിലും കൃഷി ഇറക്കാം.
-അനസ് നാസർ