palam
കോരങ്കടവ് പാലം സ്പാനുകൾ പൂർത്തിയായ നിലയിൽ

പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ 14.3 കോടി രൂപ

പാലം നിർമ്മിക്കുന്നത് കോരങ്കടവിനെ പൂതൃക്ക പഞ്ചായത്തിലെ കറുകപ്പിള്ളിയുമായി ബന്ധിപ്പിച്ച്

കോലഞ്ചേരി: വർഷങ്ങളായി നിർമ്മാണം മുടങ്ങി കിടന്ന കോരങ്കടവ് പാലത്തിന് ശാപ മോക്ഷം. സാങ്കേതിക നിയമ തടസങ്ങൾ മറി കടന്ന് കുന്നത്താനാട്,പിറവം മണ്ഡലങ്ങലളെ ബന്ധിപ്പിക്കുന്ന പാലം നിർമ്മാണം പുനരാരംഭിച്ചു. ഇതിനായി 14.3 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി പൊതു മരാമത്ത് വകുപ്പ് നൽകിയിരുന്നു. 2010 ഡിസംബറിലായിരുന്നു പാലത്തിന്റെ തറക്കല്ലിട്ടത്. 9.15 കോടി രൂപയാണ് അന്ന് ബഡ്ജറ്റിൽ വകയിരുത്തിയിരുന്നത്. നിർമ്മാണം തുടങ്ങി രണ്ടു വർഷം കൊണ്ട് മൂവാറ്റുപുഴയാറിനു കുറുകെ അഞ്ച് തൂണുകൾ നിർമ്മിച്ചു. എന്നാൽ ഇരു കരയോടും ചേർന്നുള്ള തൂണുകൾ നിർമ്മിക്കുന്നതിന് അപ്രോച്ച് റോഡിനുള്ള സ്ഥലം ലഭ്യമാക്കാതായതോടെ 2012 ൽ നിർമ്മാണം നിലച്ചു. പിന്നീട് 2014 ൽ സ്ഥല വില പുനർനിർണ്ണയിച്ച് നൽകിയെങ്കിലും നിർമ്മാണം തുടങ്ങാനായില്ല.

നടപടി പരാതിയെ തുടർന്ന്

വർഷങ്ങൾക്കു ശേഷം പഴയ നിരക്കിൽ നിർമ്മാണം തുടരാൻ കഴിയില്ലെന്നറിയിച്ച് കരാറുകാരൻ പിൻ വാങ്ങി. ഇതേ തുടർന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനന്റെ പരാതിയെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പിൽ നിന്നും പാലത്തിന്റെ നിർമ്മാണം പൂർത്തികരിക്കാനായി 14.3 കോടി രൂപ അനുവദിച്ചത്. ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തിയാണ് ഇതിനായി മുന്നിട്ടിറങ്ങിയത്.

യാത്ര സുഖമമാകും

രാമമംഗലം പഞ്ചായത്തിലെ കോരങ്കടവിനെ പൂതൃക്ക പഞ്ചായത്തിലെ കറുകപ്പിള്ളിയുമായി ബന്ധിപ്പിച്ചാണ് പാലം നിർമ്മിക്കുന്നത്. മൂന്നു ഭാഗത്തും പുഴയാൽ ചുറ്റപ്പെട്ട് കിടക്കുന്ന കറുകപ്പിള്ളി ഗ്രാമ വാസികൾ ആവശ്യങ്ങൾക്കായി പുഴ കടന്ന് രാമമംഗലത്തെത്തണം. പാലം യാഥാർത്ഥ്യമായാൽ കോരങ്കടവിൽ നിന്ന് മൂന്ന് കിലോ മീറ്റർ യാത്ര ചെയ്താൽ ദേശീയ പാതയിൽ കടമറ്റം നമ്പ്യാരുപടിയിലെത്താം. നിലവിൽ രാാമംഗലത്തുള്ളവർ പത്ത് കിലോമീറ്റർ ചുറ്റി വളഞ്ഞാണ് കോലഞ്ചേരിയിലെത്തുന്നത്. പാലം പൂർത്തിയാകുന്നതോടെ ഈ ദുരിതത്തിനും ശാശ്വത പരിഹാരമാകും.