കൊച്ചി: കേരളത്തിലെ വേലൻ സമുദായംഗങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കേരള വേലൻ ഏകോപന സമിതിയുടെ പ്രഖ്യാപനം മാർച്ച് ഒന്നിന് ചേർത്തല മുൻസിപ്പൽ ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എം.കെ അരവിന്ദാക്ഷൻ അധ്യക്ഷനാകും. സംവരണം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി സംരക്ഷിക്കുക, പട്ടികജാതി –വർഗ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ–തൊഴിൽ സംവരണം ഉറപ്പാക്കുക, പട്ടികജാതി –വർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ബജറ്റിൽ വകയിരുത്തുന്ന തുക വർദ്ധിപ്പിക്കുക, സമുദായ സംഘടനകളുടെ സാക്ഷ്യപത്രം ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റായി പരിഗണിക്കുക, ജനസംഖ്യാനുപാതികമായി സംവരണം പുനർനിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കും.എം.കെ അരവിന്ദാക്ഷൻ, എ.ജി സുഗതൻ, വി.വി സത്യരാജൻ, കെ.കെ ശശി, പി കെ സോമൻ, വിഷ്ണു മോഹൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.