മൂവാറ്റുപുഴ: സി.എം.ഐ. കാർമ്മൽ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിലുള്ള ഗോഗ്രീൻ ഗോവിത്ത് നേച്ചർ പദ്ധതി പ്രകാരം നടത്തി വരുന്ന വിവിധ കർമ്മ പദ്ധതികളുടെയും ബോധവത്ക്കരണ പരിപാടികളുടെയും ഭാഗമായുള്ള ദേശീയ ഹരിത ഉച്ചകോടിയുടെ 2020 ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ ഫാ.പോൾ പറക്കാട്ടേൽ പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെ ഉച്ചയ്ക്ക് 1.30ന് മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്നഉച്ചകോടിയുടെ ഉദ്ഘാടനവും മികച്ച ഗോ ഗ്രീൻ മുനിസിപ്പാലിറ്റിക്കുള്ള അവാർഡ് ദാനവും വി.എം.സുധീരൻ നിർവ്വഹിക്കും. കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിക്കും. കാർമ്മൽ പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ.പാറേക്കാട്ടേൽ മുഖ്യ പ്രഭാഷണം നടത്തും. മികച്ച ഗോ ഗ്രീൻ പഞ്ചായത്തിനുള്ള അവാർഡ് ഡീൻ കുര്യാക്കോസ് എം.പിയും മികച്ച ഗോ ഗ്രീൻ കുടുംബശ്രീക്കുള്ള അവാർഡ് എൽദോ എബ്രഹാം എം.എൽ.എയും മികച്ച ഗോ ഗ്രീൻ ജൈവകർഷകനുള്ള അവാർഡ് നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരനും ഗ്ലോബൽ ഗോ ഗ്രീൻ അവർഡ് ഗ്ലോബൽ ലീഡേഴ്‌സ് ഫൗണ്ടേഷൻ ചെയർമാൻ രമേശ് ത്രിപാഠിയും നൽകും.മൂവാറ്റുപുഴ നഗരസഭ, കാർഷീക വികസന വകുപ്പ്, ഹരിത മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ യൂണിറ്റുകൾ, റസിഡൻസ് അസോസിയേഷനുകൾ, മതസാമൂഹിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഉച്ചകോടി . പങ്കെടുക്കുന്നവർക്ക് ഗോ ഗ്രീൻ ബാഗ് സൗജന്യമായി നൽകും.പത്രസമ്മേളനത്തിൽ സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെൻറ് കൗൺസിലർ ഫാ.മാത്യു മഞ്ഞകുന്നേൽ, പ്രൊജക്ട് ഓഫീസർ സിറിയക് മാത്യു എന്നിവർ പങ്കെടുത്തു.